വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിൽ സമാധാന നൊബേൽ; കിസിഞ്ജർ ആധുനിക ‘ചാണക്യൻ’
Mail This Article
വാഷിങ്ടൻ ∙ ആധുനികകാലത്തെ ‘ചാണക്യ’ൻ വിടവാങ്ങി. യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേൽ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജറുടെ (100) അന്ത്യം കനക്ടികട്ടിലെ വസതിയിലായിരുന്നു. സംസ്കാരം പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ നടത്തുമെന്ന് കിസിഞ്ജർ അസോസിയേറ്റ്സ് അറിയിച്ചു.
റിച്ചഡ് നിക്സൻ, ജെറൾഡ് ഫോഡ് എന്നീ പ്രസിഡന്റുമാരുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായിരുന്ന കിസിഞ്ജർ ശീതയുദ്ധകാലത്ത് യുഎസ് വിദേശകാര്യനയം നിർണയിച്ച സുപ്രധാന ശക്തിയായിരുന്നു. അവസാനകാലം വരെ രാജ്യാന്തരരംഗത്തു സജീവമായിരുന്നു. 1973 ൽ വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിലാണ് സമാധാന നൊബേൽ ലഭിച്ചത്. യുദ്ധവെറിയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
ജർമനിയിലെ ഫുർത്തിൽ 1923 മേയ് 27നു ജനിച്ച ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ നാത‍്‍സി പീഡനം ശക്തമായതിനെത്തുടർന്ന് 1938 ലാണ് കുടുംബസമേതം യുഎസിലെത്തിയത്. ഹെൻറി എന്ന ഇംഗ്ലിഷ് പേരിലേക്കു മാറിയ അദ്ദേഹം 1943 ൽ യുഎസ് പൗരനായി. രണ്ടാം ലോകയുദ്ധത്തിൽ സേവനമനുഷ്ഠിച്ചു. യുദ്ധം അവസാനിച്ചശേഷം സ്കോളർഷിപ്പോടെ ഹാർവഡിൽ പഠനം തുടർന്നു.
1952 ൽ മാസ്റ്റേഴ്സും 1954 ൽ ഡോക്ടറേറ്റും നേടി 17 വർഷം അവിടെ അധ്യാപകനായി സേവനം ചെയ്തു. നയതന്ത്ര വിഷയങ്ങളിൽ സർക്കാരിന്റെ കൺസൽറ്റന്റായിരുന്ന അദ്ദേഹം 1968 ൽ നിക്സൻ പ്രസിഡന്റായപ്പോൾ ദേശീയ സുരക്ഷാ ഉപദേശകനായി. പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയും കൂടി ലഭിച്ചതോടെ യുഎസ് നയതന്ത്രത്തിൽ കിസിഞ്ജറുടേത് അവസാന വാക്കായി. ലോകസമാധാനം നിലനിർത്തുന്നതിന് തന്ത്രപ്രധാന ആയുധങ്ങൾ സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായുള്ള കരാർ സാധ്യമാക്കിയത് കിസിഞ്ജറുടെ നയതന്ത്രമാണ്.