ADVERTISEMENT

ന്യൂഡൽഹി∙ സ്വന്തം പേയ്മെന്റ് സംവിധാനം അടിച്ചേൽപിച്ചു വൻതുക സ്വന്തമാക്കാനുള്ള നീക്കത്തിൽ ഗൂഗിളിനു യുഎസ് ഫെഡറൽ കോടതിയിൽ തിരിച്ചടി. ഗൂഗിളിനെതിരെ 2020 മുതൽ നടത്തിയ നിയമയുദ്ധത്തിൽ പ്രമുഖ ഗെയിമിങ് കമ്പനി എപിക് ഗെയിംസ് വിജയം കണ്ടു. വിപണിയിലെ കുത്തകസ്വഭാവം ഗൂഗിൾ ദുരുപയോഗിച്ചുവെന്നു കോടതി വിലയിരുത്തി. ഫോർട്നൈറ്റ്, ബാറ്റ്ൽ ബ്രേക്കേഴ്സ്, റോബോ റീക്കോൾ അടക്കമുള്ള ഗെയിമുകളുടെ സ്രഷ്ടാക്കളാണ് എപിക് ഗെയിംസ്.

എന്താണ് പ്രശ്നം?

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന ഫോർട്നൈറ്റ് എന്ന ഗെയിം സൗജന്യമാണെങ്കിലും ഗെയിം കളിക്കുന്നവർക്കു ഗെയിമിലെ ആയുധങ്ങളും വേഷവും മറ്റും വാങ്ങുന്നതിനു ഗൂഗിളിന്റെ പേയ്മെന്റ് (ബില്ലിങ്) സൗകര്യമാണ് ഉപയോഗിച്ചിരുന്നത്. ഓരോ പേയ്മെന്റിനും ഗൂഗിൾ 15% മുതൽ 30% വരെ കമ്മിഷൻ സ്വന്തമാക്കിയിരുന്നു. പിന്നീട് എപിക് ഗെയിം കമ്പനി ഇതിനായി സ്വന്തം പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി.  ഗൂഗിൾ ഇതു ചട്ടംലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഫോർട്നൈറ്റ് ഗെയിം പ്ലേസ്റ്റോറിൽനിന്നു നീക്കി. ആപ്പിൾ ആപ് സ്റ്റോറും സമാന നടപടിയെടുത്തു. ഗൂഗിളും ആപ്പിളും ആപ് സ്റ്റോർ വിപണിയിലുള്ള കുത്തകസ്വഭാവം അധികപണം നേടാൻ ദുരുപയോഗിച്ചെന്ന പരാതിയുമായി എപിക് ഗെയിംസ് ഫെഡറൽ കോടതിയെ സമീപിച്ചു. ആപ്പിളിനെതിരെ നിയമയുദ്ധം വിജയിച്ചില്ലെങ്കിലും ഈ വിധിയിലൂടെ ഗൂഗിളിനു തിരിച്ചടി നൽകാൻ എപിക് ഗെയിംസിനു കഴിഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു.

ഇന്ത്യയിൽ മരവിപ്പിച്ചു

ആപ്പുകളിൽ സ്വന്തം ഓൺലൈൻ ബില്ലിങ് സംവിധാനം അടിച്ചേൽപിക്കാനുള്ള നീക്കം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ(സിസിഐ) വമ്പൻ പിഴയ്ക്കു പിന്നാലെ ഗൂഗിൾ കഴിഞ്ഞവർഷം ഇന്ത്യയിൽ മരവിപ്പിച്ചിരുന്നു. വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് 2 തവണയായി സിസിഐ 2,273.76 കോടി രൂപയാണു ഗൂഗിളിനു പിഴയിട്ടത്.

English Summary:

US Federal Court Verdict Against Google on imposition of payment system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com