യുകെയിൽ കെയർഗിവർമാർക്ക് ചൂഷണം: ബിബിസി റിപ്പോർട്ട്
Mail This Article
ലണ്ടൻ ∙ യുകെയിൽ കെയർഗിവർമാരായി ജോലി ചെയ്യുന്നവർ തൊഴിൽചൂഷണത്തിന് ഇരയാകുന്നതായി ബിബിസി റിപ്പോർട്ട്. ബാലകൃഷ്ണൻ ബാലഗോപാൽ എന്ന മലയാളി റിപ്പോർട്ടർ വയോജന പരിപാലനകേന്ദ്രത്തിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്താണു വിവരങ്ങൾ ശേഖരിച്ചത്. നഴ്സുമാർ കരാറുകളിൽ തളച്ചിടപ്പെടുന്നതായും ജോലി വിടാൻ ശ്രമിച്ചാൽ പിഴ നേരിടേണ്ടിവരുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ ഹെൽത്ത് ആൻഡ് കെയർ മേഖലയിലേക്ക് ഒരു വർഷത്തിനിടെ 1.40 ലക്ഷം വിദേശികൾക്കാണു വീസ ലഭിച്ചത്. ഇതിൽ 39,000 പേരും ഇന്ത്യക്കാരാണ്.
ഈ രംഗത്തെ ചൂഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി യുകെയിലെ കുടിയേറ്റ ഉപദേശക സമിതിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചയ്ക്കകമാണു ബിബിസിയും ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിൽ വീസയ്ക്കു തൊഴിലുടമയുടെ സ്പോൺസർഷിപ് വേണമെന്ന വ്യവസ്ഥ ചൂഷണത്തിനു പഴുതു നൽകുന്നതായി കുടിയേറ്റ ഉപദേശക സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഈ മേഖലയിലെ ഒഴിവുകൾ കണ്ടെത്താനും ജോലി മാറാനും സഹായകമായ പോർട്ടൽ സർക്കാർ തുടങ്ങണമെന്നും ഇവർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന മിനിമം വേതനത്തിനും ശുപാർശയുണ്ട്. ശുപാർശകളിൽ സർക്കാരിന്റെ നിലപാട് വ്യക്തമല്ല. ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസയിലെത്തുന്നവർക്ക് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയിൽ ഒപ്പം കൂട്ടാനാകില്ലെന്ന് ഈ മാസം ആദ്യം സർക്കാർ വ്യക്തമാക്കിയിരുന്നു.