ഈജിപ്ത്: സിസി വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്
Mail This Article
കയ്റോ∙ ഈജിപ്തിൽ നിലവിലുള്ള പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി (68) വൻഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലേക്ക്. ഈ മാസം 10 മുതൽ 12വരെ നടന്ന തിരഞ്ഞെടുപ്പിൽ സിസി 89.6% വോട്ടു നേടി. അയൽ പ്രദേശമായ ഗാസയ്ക്കു നേരെ നടക്കുന്ന മനുഷ്യത്വരഹിതമായ യുദ്ധത്തിനുള്ള മറുപടിയാണു തനിക്കുണ്ടായ വൻവിജയമെന്നു സിസി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിനോടു നിസ്സംഗമായാണു ജനങ്ങൾ പ്രതികരിച്ചത്. 66.8% പേർ വോട്ടുരേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. 3 എതിരാളികൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രമുഖരായിരുന്നില്ല. തനിക്ക് ആരും വെല്ലുവിളിയുയർത്താതിരിക്കാൻ സിസി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി ഈജിപ്ഷ്യൻ ഇനിഷ്യേറ്റീവ് ഫോർ പഴ്സനൽ റൈറ്റ്സ് എന്ന സംഘടനയുടെ നേതാവ് ഹൊസം ഭഗത് ആരോപിച്ചു. എതിർ സ്ഥാനാർഥികളെ തിരഞ്ഞെടുത്തതും സിസി തന്നെയാണെന്നു സംഘടന കുറ്റപ്പെടുത്തി.
ജനാധിപത്യ രീതിയിൽ രാജ്യത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ സ്ഥാനഭ്രഷ്ടനാക്കിയാണു മുൻ പട്ടാള മേധാവിയായ സിസി 2013ൽ അധികാരത്തിലെത്തിയത്. തുടർന്ന് 2014ലും 2018ലും 97% വോട്ടു നേടി അധികാരത്തിൽ തുടർന്നു. പ്രസിഡന്റിന്റെ കാലാവധി 6 വർഷമാക്കാൻ 2019ൽ ഭരണഘടനയിൽ മാറ്റം വരുത്തുകയും ചെയ്തു.