ബിലാവൽ ഭൂട്ടോ പിപിപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി
Mail This Article
ലഹോർ ∙ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിലാവൽ ഭൂട്ടോയെ (35) പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ആസിഫ് അലി സർദാരിയുടെയും അന്തരിച്ച പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മകനായ ബിലാവൽ മുൻ വിദേശകാര്യമന്ത്രിയാണ്.
ഫെബ്രുവരി 8ന് ദേശീയ സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ലഹോറിലെ നിയോജകമണ്ഡലത്തിൽ നിന്നാണ് ബിലാവൽ മത്സരിക്കുന്നത്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്– നവാസ് വിഭാഗത്തിലെ ഷെയ്സ്ത പർവേസ് മാലിക്കാണു എതിർ സ്ഥാനാർഥി. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് ഇവിടെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ഇവിടെനിന്നു മത്സരിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ പ്രധാന പാർട്ടികളിലൊന്നായ പിപിപിക്ക് 2018 ലെ തിരഞ്ഞെടുപ്പിൽ 43 സീറ്റാണു ലഭിച്ചത്. സഭയിൽ മൂന്നാംസ്ഥാനത്താണു പാർട്ടി.