തിരിച്ചടിച്ച് പാക്കിസ്ഥാൻ; ഇറാനിൽ ബോംബിട്ടു
Mail This Article
ഇസ്‌ലാമാബാദ് ∙ ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇറാൻ ബോംബിട്ടതിനു തിരിച്ചടിയായി ഇറാനിലെ സിസ്തൻ– ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് വ്യോമസേനയുടെ പോർവിമാനവും ഡ്രോണുകളും ആക്രമണം നടത്തി.
ഇന്നലെ രാവിലെ 6 ന് (ഇന്ത്യൻ സമയം 6.30) നടത്തിയ ആക്രമണത്തിൽ 4 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ‘മർഗ് ബർ സർമചാർ’ (ഒളിപ്പോരുകാർക്കു മരണം) എന്ന പേരിട്ട നടപടിയിലൂടെ ഇറാന്റെ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ ഉള്ളിലായി 7 കേന്ദ്രങ്ങളെയാണ് ലക്ഷ്യംവച്ചത്. ആക്രമണമുണ്ടായ സർവാൻ ഗ്രാമം, സിസ്തൻ–ബലൂചിസ്ഥാൻ തലസ്ഥാനമായ സഹിദാനിൽനിന്ന് 347 കിലോമീറ്റർ തെക്കുകിഴക്കാണ്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് എന്നീ ഭീകരസംഘടനകളുടെ താവളങ്ങളിലായി ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസ് അവകാശപ്പെട്ടു. ടെഹ്റാനിലെ പാക്ക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവർ തങ്ങളുടെ പൗരരല്ലെന്നും ഇറാൻ പറയുന്നു. ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചതോടെ മേഖലയിൽ സംഘർഷം കനത്തു.
ഗാസ യുദ്ധത്തിൽ ഹമാസിനു തുറന്ന പിന്തുണ നൽകുന്ന ഇറാൻ, ഇസ്രയേലിനെതിരെ പോരാടുന്ന ലബനനിലെ ഹിസ്ബുല്ല വിഭാഗത്തിനും സൈനികസഹായം നൽകുന്നുണ്ട്. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം തുടരുന്നതിനിടെയാണ് പാക്ക്–ഇറാൻ സംഘർഷവും പൊട്ടിപ്പുറപ്പെട്ടത്.
ഇരുരാജ്യങ്ങളുടെയും അടുത്ത സഖ്യകക്ഷിയായ ചൈന മധ്യസ്ഥതയ്ക്കു രംഗത്തിറങ്ങി. ‘സഹോദരരാജ്യ’വുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നു പാക്ക് പ്രസിഡന്റ് ആരിഫ് അലവി പറഞ്ഞു. സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുകയായിരുന്ന പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കാകറും യുഗാണ്ടയിലായിരുന്ന വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും നാട്ടിലേക്കു മടങ്ങി.