‘ലെനിന് നൂറുപൂക്കൾ’: റഷ്യൻ വിപ്ലവ ശിൽപിയുടെ ചരമശതാബ്ദി ഇന്ന്
Mail This Article
∙ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയചിന്തകരിൽ പ്രമുഖനും റഷ്യൻ വിപ്ലവത്തിന്റെ ശിൽപിയുമായ വ്ളാഡിമിർ ലെനിന് (1870–1924) ഇന്ന് ചരമശതാബ്ദി. 1917 ൽ ബോൾഷെവിക് വിപ്ലവത്തിനു (ഒക്ടോബർ വിപ്ലവം) നേതൃത്വം നൽകിയ അദ്ദേഹം റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും വിപ്ലവാനന്തരം ലോകരാഷ്ട്രീയം നിയന്ത്രിച്ച യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും (യുഎസ്എസ്ആർ) സ്ഥാപകനാണ്.
വോൾഗ നദിക്കരയിലെ റഷ്യൻ ഗ്രാമമായ സിംബിർസ്കിൽ 1870 ഏപ്രിൽ 22ന് വ്ലാഡിമിർ ഇലിച്ച് ഉല്യനോവ് ജനിച്ചു. 1901ൽ ലെനിൻ എന്ന പേരു സ്വീകരിച്ചു.
ഹൈസ്കൂളിൽ ക്ലാസിൽ ഒന്നാമനായിരുന്നു. ലാറ്റിനിലും ഗ്രീക്കിലും പ്രാവീണ്യം നേടിയ ധിഷണാശാലിയായ ചെറുപ്പക്കാരൻ, ഭാവിയിൽ ക്ലാസിക്കൽ ഭാഷാപണ്ഡിതനായിത്തീരുമെന്നാണു പലരും കരുതിയത്.
1887 ൽ സർ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിൽ മൂത്ത സഹോദരൻ അലക്സാണ്ടർ തൂക്കിലേറ്റപ്പെട്ടു. കോളജ് പഠനകാലത്തു മാർക്സിയൻ ദർശനത്തിലേക്ക് ആകർഷിക്കപ്പെട്ട ലെനിനും പിന്നീടു സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു. യൂറോപ്പിൽ പ്രവാസജീവിതം നയിച്ച ഒന്നരപതിറ്റാണ്ടിനിടെ കമ്യൂണിസ്റ്റ് വിപ്ലവകാരിയും രാഷ്ട്രീയചിന്തകനുമായി പേരെടുത്തു.
ഒന്നാം ലോകയുദ്ധാവസാനത്തോടെ ജർമനിയിൽ നിന്ന് റഷ്യയിൽ തിരിച്ചെത്തി ഒക്ടോബർ വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1917 നവംബർ 9ന് ആദ്യ കമ്യൂണിസ്റ്റ് രാഷ്ട്രമായ യുഎസ്എസ്ആർ നിലവിൽ വന്നു. 1924 ജനുവരി 21ന്, 54–ാം വയസ്സിൽ അന്തരിച്ചു.
20–ാം നൂറ്റാണ്ടിനെ മാറ്റിമറിച്ച ഏറ്റവും വലിയ രാഷ്ട്രീയസംഭവമാണു ഒക്ടോബർ വിപ്ലവമെങ്കിൽ, നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രീയചിന്തകൻ ലെനിൻ ആയിരുന്നു. കാൾ മാർക്സിന്റെ ദർശനത്തെ സമഗ്രമായി വ്യാഖ്യാനിക്കുകയും ക്രോഡീകരിക്കുകയും ചെയ്തതോടെ മാർക്സിസം–ലെനിനിസം എന്ന രാഷ്ട്രീയചിന്താപദ്ധതി ലോകമെങ്ങും വ്യാപിച്ചു.
നൂറ്റാണ്ടിന്റെ അവസാനത്തോടെ സോവിയറ്റ് യൂണിയൻ അടക്കം കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഒന്നൊന്നായി ഇല്ലാതായെങ്കിലും വിപ്ലവചിന്തകളുടെ പാതയിൽ ലെനിൻസ്മരണ പ്രകാശഗോപുരമായി തുടരുന്നു.