അഫ്ഗാനിൽ റഷ്യൻ വിമാനം തകർന്നുവീണ് 2 മരണം
Mail This Article
കാബൂൾ / മോസ്കോ ∙ ആറു പേരുമായി റഷ്യൻ സ്വകാര്യവിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണ് 2 യാത്രക്കാർ കൊല്ലപ്പെട്ടു. നാലുപേർ രക്ഷപ്പെട്ടു. വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാഖ്‌ഷാനിലെ പർവതമേഖലയിലാണു വിമാനം തകർന്നുവീണതെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള റഷ്യൻ പൗരനെയും ഭാര്യയെയും കൊണ്ട് തായ്‌ലൻഡിലെ വിനോദസഞ്ചാരകേന്ദ്രമായ പട്ടായയിൽനിന്ന് മോസ്കോയിലേക്കു പോകുകയായിരുന്ന എയർ ആംബുലൻസ് ആണു അപകടത്തിൽപെട്ടത്. വിമാനം യാത്രാമധ്യേ ബിഹാറിലെ ഗയയിലിറങ്ങി ഇന്ധനം നിറച്ചിരുന്നു. അവിടെനിന്നു യാത്ര തുടരവേയാണ് അഫ്ഗാനു മുകളിൽ കാണാതായത്. ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അഫ്ഗാനിലെ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തത് പരിഭ്രാന്തി പരത്തി. വിമാനം ഇന്ത്യയുടേതല്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് പിന്നാലെയെത്തി. ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ ഫാൽക്കൻ 10 ജെറ്റ് 1978ൽ നിർമിച്ച വിമാനമാണിത്.