തുർക്കി പള്ളിയിലെ വെടിവയ്പ്: പിന്നിൽ ഐഎസ്, 2 പേർ അറസ്റ്റിൽ
Mail This Article
ഇസ്തംബുൾ ∙ തുർക്കിയിൽ സാന്താ മരിയ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച പ്രാർഥനയ്ക്കിടെ ഒരാളെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്തം ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. മുഖംമൂടി ധരിച്ച് തോക്കുമായി നിൽക്കുന്ന അക്രമികളുടെ പടവും ഐഎസ് പുറത്തുവിട്ടു. അതേസമയം, പള്ളിയിൽ വെടിവയ്പു നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലിക അറിയിച്ചു. തജിക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ഇസ്തംബുളിലെ സരിയേർ ജില്ലയിലുള്ള പള്ളിയിലേക്ക് രാവിലെ പതിനൊന്നേമുക്കാലോടെ എത്തിയ അക്രമികളാണ് ടൻഹർ സിഹാൻ (52) എന്നയാളെ വെടിവച്ചുകൊന്നത്. 2 വെടി ഉതിർത്തപ്പോഴേക്കും അക്രമികളിലൊരാളുടെ തോക്ക് ജാം ആയതോടെ വെടിനിർത്തുകയായിരുന്നുവെന്ന് ജില്ലാ മേയർ പറഞ്ഞു. ഭീകരപ്രവർത്തനം എന്തുവിലകൊടുത്തും അമർച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഈ മാസം മൂന്നിന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 ഐഎസ് പ്രവർത്തകരെ പിടികൂടിയിരുന്നു. ക്രിസ്ത്യൻ പള്ളികളും സിനഗോഗുകളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നവരെയാണ് പിടികൂടിയത്.