‘ചരിത്ര ചിത്ര’ത്തിലെ നായകൻ ബോബ് ബെക്വിത് ഓർമയായി
Mail This Article
ന്യൂയോർക്ക് ∙ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ തകർന്നതിന്റെ മൂന്നാം ദിവസം സ്ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുക വഴി പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ ബോബ് ബെക്വിത് (91) അന്തരിച്ചു. 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ചതാണ് ബുഷും ബെക്വിതും ഒരുമിച്ചു നിൽക്കുന്ന ചിത്രം.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബുഷ് പ്രഖ്യാപിക്കുന്നതായിരുന്നു സന്ദർഭം. തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് ‘ഈ കെട്ടിടം തകർത്തവർ ആരാണെന്ന് നമ്മളെല്ലാം ഉടൻ അറിയും’ എന്ന് ബെക്വിതിന്റെ തോളിൽ പിടിച്ചു നിന്നാണ് മെഗാഫോണിലൂടെ ബുഷ് പ്രഖ്യാപിച്ചത്.
സംഭവം നടക്കുമ്പോൾ ന്യൂയോർക്ക് അഗ്നിരക്ഷാ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ബോബ് ബെക്വിത്. ദുരന്തത്തിനു പിന്നാലെ മറ്റുള്ളവരെ സഹായിക്കാൻ ധൈര്യപൂർവം ഓടിയെത്തിയ വ്യക്തിയാണ് ബോബ് എന്ന് ബുഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.