പാക്കിസ്ഥാനിൽ വോട്ടെടുപ്പിൽ അക്രമം, 9 മരണം; രാജ്യത്തു മൊബൈൽ ഫോൺ സേവനം റദ്ദാക്കി
Mail This Article
ഇസ്‌ലാമാബാദ് ∙ കനത്ത കാവലിൽ നടന്ന പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങളിൽ 2 കുട്ടികൾ അടക്കം 9 പേർ കൊല്ലപ്പെട്ടു. വോട്ടെടുപ്പു കഴിയും വരെ രാജ്യത്തു മൊബൈൽ ഫോൺ സേവനം റദ്ദാക്കി. പാക്കിസ്ഥാൻ നാഷനൽ അസംബ്ലിയിലെ 266 സീറ്റിലേക്കാണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് ലഭിക്കണം. ഒരു കക്ഷിക്കും തനിച്ചു ഭൂരിപക്ഷം ലഭിക്കില്ലെന്നാണു പ്രവചനങ്ങൾ.
നാലാം വട്ടം പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന നവാസ് ഷെരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽഎൻ) ആണു മുന്നിൽ. ജയിലിലായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിനു (പിടിഐ) തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിച്ചതിനാൽ പാർട്ടിസ്ഥാനാർഥികൾ സ്വതന്ത്രരായാണു ജനവിധി തേടുന്നത്.
ഇമ്രാൻ ഖാൻ അടക്കം പിടിഐയുടെ മുതിർന്ന നേതാക്കൾക്കു തിരഞ്ഞെടുപ്പുവിലക്കുമുണ്ട്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) മത്സരരംഗത്തുണ്ട്.