പാക്കിസ്ഥാനിൽ നവാസ് ഷരീഫ് പക്ഷത്തിന് പിന്തുണ നൽകി സൈന്യം; സ്വതന്ത്രരെ ചാക്കിട്ടുപിടിക്കാൻ നീക്കം
Mail This Article
ഇസ്ലാമാബാദ്∙ സഖ്യകക്ഷി സർക്കാരുണ്ടാക്കാൻ സ്വതന്ത്രരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാർട്ടി പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ– എൻ) തുടങ്ങി. ഇമ്രാൻ ഖാന്റെ പാർട്ടി പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ)യുടെ പിന്തുണയോടെ വിജയിച്ച വസിം ഖ്വാദിറിനെ ഒപ്പം കൂട്ടുന്നതിൽ വിജയിച്ചു. പിഎംഎൽ– എന്നിനൊപ്പം ചേർന്നതായി വസിം പരസ്യമായി പ്രഖ്യാപിച്ചു. കൂടുതൽ സ്വതന്ത്രരുടെ പിന്തുണ ആർജിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
ബിലാവൽ ഭൂട്ടോ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള ശ്രമമാണു നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ– എൻ) പ്രസിഡന്റും നവാസിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പിപിപി നേതാക്കളായ ആസിഫലി സർദാരിയുമായും ബിലാവലുമായും ചർച്ച നടത്തി. മകനായ ബിലാവലിന് പ്രധാനമന്ത്രി സ്ഥാനം നൽകണമെന്ന് ആസിഫലി സർദാരി ആവശ്യപ്പെട്ടെന്നാണ് സൂചന. ആരുമായും സഖ്യമുണ്ടാക്കാൻ വാതിൽ തുറന്നിട്ടിരിക്കുന്നതായാണ് ബിലാവൽ ഭൂട്ടോ പ്രതികരിച്ചത്.
പിപിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെങ്കിലും പ്രധാനമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്നാണ് നവാസ് പക്ഷം വ്യക്തമാക്കുന്നത്. അതിനാൽ പിഎംഎൽ– എൻ 17 സീറ്റുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (എംക്യുഎം– പി), 12 സീറ്റു നേടിയ ചെറുകിട പാർട്ടികൾ എന്നിവരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള വഴികളും ആലോചിക്കുന്നു. അങ്ങനെ വന്നാൽ നവാസിനു പകരം ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയാക്കാനും നവാസ് ഷരീഫിന്റെ മകൾ മറിയത്തെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാനുമാണ് ആലോചന. ഷഹബാസ് ഷരീഫിന് സൈന്യവുമായുള്ള മികച്ച ബന്ധമാണ് ഈ നീക്കത്തിനു കാരണം.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരായ 101 പേരാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിക്കു മത്സര വിലക്കുള്ളതിനാലാണ് അനുയായികളെ സ്വതന്ത്രരായി രംഗത്തിറങ്ങിയത്. 265 അംഗ സഭയിൽ 264 സീറ്റിലെ ഫലമാണ് പ്രഖ്യാപിച്ചത്. പിഎംഎൽ– എൻ 76 സീറ്റും ബിലാവൽ ഭൂട്ടോ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുമാണ് നേടിയത്. 133 പേരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്.
ദേശീയ അസംബ്ലിയിലെ 366 സീറ്റിൽ 266 എണ്ണം തിരഞ്ഞെടുപ്പിലൂടെയും 70 സീറ്റുകൾ നാമനിർദേശം വഴിയുമാണ് നികത്തുന്നത്. ഇതിൽ 60 എണ്ണം വനിതകൾക്കും 10 സീറ്റ് ന്യൂനപക്ഷങ്ങൾക്കുമാണ്. സ്വതന്ത്രർക്ക് നാമനിർദേശം നടത്തുന്നതിൽ പങ്കാളിത്തം ഇല്ല എന്നത് ഇമ്രാൻ പക്ഷത്തിന് തിരിച്ചടിയാകും. ദേശീയ അസംബ്ലിയിലെ 169 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഇതിനിടെ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെ ശ്രമങ്ങൾക്ക് സൈന്യം പിന്തുണ അറിയിച്ചിട്ടുണ്ട്. കൂട്ടുകക്ഷി സർക്കാരുണ്ടാക്കി രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റണമെന്ന നവാസ് ഷരീഫിന്റെ അഭിപ്രായത്തോട് അനുകൂലമായാണ് സേനാ മേധാവി അസിം മുനീർ പ്രതികരിച്ചത്.
അതിനിടെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഒരുമ്പെടുകയാണ് പിടിഐ. ക്രമക്കേട് ആരോപിച്ച് ഒട്ടേറെ സ്വതന്ത്രർ കോടതിയിലെത്തിയിട്ടുണ്ട്.