പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം; ഉന്നതതല സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ക്രമക്കേടിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും ചീഫ് ജസ്റ്റിസും കൂട്ടുനിന്നെന്ന ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഉന്നതതല സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു. റാവൽപിണ്ടി കമ്മിഷണറായിരുന്ന ലിയാഖത്ത് അലി ഛദ്ദയാണ് ആരോപണം ഉന്നയിച്ചത്.
ഈ മാസം 8 നു നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയാണ്.
സർക്കാർ രൂപീകരിക്കാനായി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസും (പിഎംഎൽഎൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യും തമ്മിൽ നടന്നുവരുന്ന സഖ്യചർച്ചകൾ മൂന്നാം തവണയും അലസിപ്പിരിഞ്ഞതായാണു റിപ്പോർട്ടുകൾ. പിടിഐ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ചു ദേശീയ അസംബ്ലിയിൽ 93 സീറ്റ് നേടി ഒന്നാമതെത്തിയെങ്കിലും സൈന്യം പിന്തുണയ്ക്കുന്ന പിഎംഎൽഎന്നും പിപിപിയും സഖ്യസർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിക്കുകയായിരുന്നു.