ഏബ്രഹാം ലിങ്കണും ബൈഡനുമായൊരു ബന്ധം; കത്തിക്കുത്തു കേസിൽ ശിക്ഷിക്കപ്പെട്ട മുതുമുത്തച്ഛന് മാപ്പ് നൽകിയത് ലിങ്കൺ
Mail This Article
വാഷിങ്ടൻ ∙ ഏബ്രഹാം ലിങ്കൺ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ മുതുമുത്തച്ഛൻ മോസസ് റോബിനെറ്റിന് ശിക്ഷ ഇളവു നൽകിയതായി പട്ടാളക്കോടതി രേഖകളിൽ കണ്ടെത്തി. പട്ടാളത്തിൽ വെറ്ററിനറി ഡോക്ടറായിരുന്ന റോബിനെറ്റ് 1864 മാർച്ച് 21ന് വെർജീനിയയിലെ ശരത്കാല ക്യാംപിലായിരുന്നപ്പോൾ സഹപ്രവർത്തകനായ ജോൺ ജെ.അലക്സാണ്ടറുമായി വഴക്കിലായി. വാഗ്വാദം കയ്യാങ്കളിയിലെത്തിയപ്പോൾ റോബിനെറ്റ് പോക്കറ്റിലുണ്ടായിരുന്ന കത്തിയെടുത്ത് അലക്സാണ്ടറെ കുത്തി പരുക്കേൽപിച്ചു. സംഭവം കേസായി.
പട്ടാളക്കോടതി വധശ്രമത്തിന് റോബിനെറ്റിനെ വിചാരണ ചെയ്ത് 2 വർഷം കഠിന ജോലിക്കു ശിക്ഷിച്ചു. ശിക്ഷ കൂടിപ്പോയെന്നു കണ്ട് സഹപ്രവർത്തകർ അന്നത്തെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം ശിക്ഷ ഇളവു ചെയ്തു കൊടുത്തു. 160 വർഷം പഴക്കമുള്ള ഈ സംഭവം കണ്ടെത്തി ചരിത്രകാരനായ ഡേവിഡ് ജെ.ജറിൾമാൻ വാഷിങ്ടൻ പോസ്റ്റിൽ ഈയിടെ ലേഖനം എഴുതി. യുഎസ് പ്രസിഡന്റാകുന്നവർ മുൻഗാമികളിൽ ആരുടെയെങ്കിലും പ്രതിമ ഓഫിസിൽ സ്ഥാപിക്കുന്ന പതിവുണ്ട്. ബൈഡൻ പ്രസിഡന്റായപ്പോൾ ഏബ്രഹാം ലിങ്കന്റെ പ്രതിമയാണ് ഓഫിസിൽ വച്ചത്. അറിയാതെയാണെങ്കിലും മുതുമുത്തച്ഛന് നൽകിയ ശിക്ഷാ ഇളവിന്റെ ഉപകാര സ്മരണയാകാം ഇതെന്ന് ലേഖനത്തിൽ പറയുന്നു.