ADVERTISEMENT

ജറുസലം ∙ യുദ്ധം നിർത്താൻ ശക്തമായ രാജ്യാന്തര സമ്മർദമുണ്ടെങ്കിലും ആക്രമണം റഫയിലേക്കും വ്യാപിക്കുമെന്നും യുദ്ധം 6–8 ആഴ്ച കൂടി നീളുമെന്നും വിദഗ്ധർ നിരീക്ഷിച്ചു. റഫ കീഴടക്കുന്നതോടെ ഹമാസിനെ നിർവീര്യമാക്കാനാകുമെന്നാണ് ഇസ്രയേൽ സൈനികനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 

റഫയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ സൈനികനടപടി പാടില്ലെന്ന് നിർദേശിച്ചു കഴിഞ്ഞയാഴ്ച 2 വട്ടം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചിരുന്നു. 

ഹമാസിന്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണവും തകർത്തെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ശേഷിക്കുന്നതു റഫയിലാണുള്ളതെന്നും അവർ വാദിക്കുന്നു. അതിനാൽ ആക്രമണവുമായി മുന്നോട്ടു പോകാനാണു നെതന്യാഹു ഉത്തരവു നൽകിയിരിക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 107 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. ഒക്ടോബർ 7ന് ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 29,092 ആയി. പരുക്കേറ്റവർ 69,028.

ഇസ്രയേൽ സൈന്യം കയ്യേറിയ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ വൈദ്യുതിയും ഓക്സിജൻ വിതരണവും ഇല്ലാതെ 9 രോഗികൾ കൂടി മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ആശുപത്രി ഡയറക്ടർ ഡോ. നഹേബ് അബു തായിമ അടക്കം 70 ജീവനക്കാർ ഒരാഴ്ചയിലേറെയായി ഇസ്രയേൽ സൈന്യത്തിന്റെ തടവിലാണ്. എന്നാൽ, ഡോ. നഹേബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹമാസുകാരെയാണു കസ്റ്റഡിയിലെടുത്തതെന്നുമാണ് ഇസ്രയേൽ വാദം. 

അതിനിടെ,  വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ എന്നിവിടങ്ങളിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ യുഎന്നിന്റെ രാജ്യാന്തര കോടതിയിൽ (ഐസിജെ) വാദം തുടങ്ങി. 

അതേ സമയം, ഇസ്രയേലിലെ അംബാസഡറെ ബ്രസീൽ തിരികെവിളിച്ചു. പലസ്തീനു നേരെയുള്ള ആക്രമണത്തെ ഹിറ്റ്ലർ നടത്തിയ ജൂതവംശഹത്യയോടു താരതമ്യപ്പെടുത്തിയ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയെ ഇസ്രയേൽ പ്രധാനമന്ത്രി വിമർശിച്ചതിനു പിന്നാലെയാണിത്.

ഹൂതികൾ ആക്രമിച്ച ചരക്കുകപ്പൽ തീപിടിച്ചുമുങ്ങി

ഏദൻ കടലിടുക്കിൽ യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ യെമനിലെ ഹൂതികൾ ആക്രമിച്ചു. യുഎഇയിൽനിന്നു ബൾഗേറിയയിലേക്കു പോകുകയായിരുന്ന കപ്പൽ റോക്കറ്റ് ആക്രമണത്തിൽ തീപിടിച്ചു മുങ്ങിയെന്നാണു റിപ്പോർട്ട്. എന്നാൽ, ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ഡെൻമാർക്കിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലും ഹൂതികൾ ആക്രമിച്ചിരുന്നു. 

English Summary:

Israeli attack may last for another eight weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com