ശീതീകരിച്ച അണ്ഡങ്ങൾ കുട്ടികളാണെന്ന് യുഎസ് കോടതി
Mail This Article
ന്യൂയോർക്ക് ∙ ടെസ്റ്റ് ട്യൂബുകളിലെ ശീതീകരിച്ച അണ്ഡങ്ങളെ കുട്ടികളായി പരിഗണിക്കണമെന്ന് യുഎസിലെ അലബാമ സംസ്ഥാന സുപ്രീം കോടതി വിധിച്ചു. വന്ധ്യതാചികിത്സയെ കോടതി വിധി എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പം ഉയരുന്നതിനിടെ, ഗർഭഛിദ്ര അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്കു തുല്യമായ സാമൂഹികപ്രശ്നങ്ങൾക്ക് ഈ വിധിയും ഇടയാക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരെൻ ജീൻ പീയർ പ്രതികരിച്ചു. കഴിഞ്ഞ വർഷം മുതൽ സമ്പൂർണ ഗർഭഛിദ്ര നിരോധനം പ്രാബല്യത്തിലാക്കിയ സംസ്ഥാനമാണ് അലബാമ.
ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശീതീകരിച്ച അണ്ഡം നശിച്ചുപോയതിനെത്തുടർന്നു ദമ്പതികൾ നൽകിയ ഹർജിയിലാണു കോടതിവിധി. ‘ജനിക്കും മുൻപേ എല്ലാ മനുഷ്യർക്കും ദൈവത്തിന്റെ ഛായയാണ്. അതിനാൽ ആ ജീവനുകളെ നശിപ്പിക്കുന്നതു ദൈവമഹത്വത്തെ തുടച്ചുനീക്കലാണ്’ – ചീഫ് ജസ്റ്റിസ് ടോം പാർക്കർ വിധിന്യായത്തിലെഴുതി.