ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസും (പിഎംഎൽഎൻ) ധാരണയായി. പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയിൽ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ എന്ന കക്ഷിയിൽ ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ പറഞ്ഞു. 

തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഈ മാസം 8 നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാർഥികൾ  93 സീറ്റിൽ വിജയിച്ചു.സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാൻ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാൻ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണു സഖ്യത്തിലേക്കു കൊണ്ടുവന്നതെന്നു റിപ്പോർട്ടുണ്ട്.

ഈ മാസം 29ന് ആണു പാർലമെന്റ് സമ്മേളനം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹബാസ് ഷരീഫിനെ പിന്തുണയ്ക്കുന്നതിനു പകരമായി  പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, സ്പീക്കർ സ്ഥാനങ്ങളാണ് പിപിപി ആവശ്യപ്പെട്ടത്.

English Summary:

PMLN and PPP strike deal to form government in Pakistan; Shehbaz Sharif set to become Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com