ADVERTISEMENT

ജറുസലം ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയിൽ മൂന്നാം തവണയും ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യുഎസ്, ഇന്നലെ ഹേഗിൽ രാജ്യാന്തര കോടതിയിലും (ഐസിജെ) ഇസ്രയേൽ അനുകൂല നിലപാടെടുത്തു. പലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഐസിജെ ആവശ്യപ്പെടരുതെന്നും ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കാണു പ്രഥമപരിഗണന നൽകേണ്ടതെന്നും യുഎസ് പ്രതിനിധി റിച്ചഡ് വിസെക് വാദിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗാസ എന്നീ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിന്റെ പ്രത്യാഘാതം വിലയിരുത്തുന്ന 15 അംഗ ബെഞ്ച് മുൻപാകെ ഇന്നലെ ഹാജരായ റഷ്യ, അധിനിവേശം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച നീളുന്ന വാദത്തിൽ ആകെ 51 രാജ്യങ്ങളാണു കോടതിയിൽ നിലപാട് അറിയിക്കുക. യുഎൻ പൊതുസഭയുടെ നിർദേശമനുസരിച്ചാണു വാദംകേൾക്കുന്നത്.

അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 67 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ‌ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 29,313 ആയി ഉയർന്നു. 69,333 പേർക്കു പരുക്കേറ്റു. ഗാസയിൽ ശേഷിക്കുന്ന നൂറോളം ബന്ദികൾക്ക് ആവശ്യമായ മരുന്നുകൾ ഹമാസ് വിതരണം ആരംഭിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറും ഫ്രാൻസും മധ്യസ്ഥത വഹിച്ചാണു കഴിഞ്ഞ മാസം മരുന്നുകൾ എത്തിച്ചത്. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അമ്മയും പെൺകുഞ്ഞും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ സൈനികകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഒക്ടോബർ 7നു ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ 250 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു.

അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോട് ആവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയം മൂന്നാം വട്ടവും വീറ്റോ ചെയ്ത യുഎസ് നടപടിയെ ചൈന, ക്യൂബ, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. സമിതിയിലെ 15 ൽ 13 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചിരുന്നു. യുകെ വിട്ടുനിന്നു. രണ്ടാഴ്ചയായി ഈജിപ്തിൽനിന്നു ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുമായുള്ള ട്രക്കുകളുടെ വരവു പൂർണമായി നിലച്ചതായി യുഎൻ ഫുഡ് പ്രോഗ്രാം അറിയിച്ചു. ഗാസയിലെ ഭൂരിഭാഗവും കയ്യടക്കിയ ഇസ്രയേൽ സൈന്യം സുരക്ഷ ഉറപ്പുനൽകാത്ത സാഹചര്യത്തിൽ വിവിധമേഖലകളിൽ സഹായവിതരണവും നടക്കാത്ത സ്ഥിതിയാണ്. ഗാസയിലെ കുട്ടികളിൽ ആറിലൊരാൾ കടുത്ത പോഷകാഹാരക്കുറവു നേരിടുന്നതായി യുനിസെഫ് അറിയിച്ചു. 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 90 ശതമാനവും കഷ്ടിച്ചു 2 നേരമാണ് എന്തെങ്കിലും കഴിക്കുന്നത്. 80 ശതമാനത്തിലേറെ താമസകേന്ദ്രങ്ങളിലും ശുദ്ധജലമില്ല.

മുങ്ങാതെ അലയുന്നു മിസൈലേറ്റ കപ്പൽ

∙ ഏദൻ കടലിടുക്കിൽ ഞായറാഴ്ച ഹൂതികളുടെ മിസൈലാക്രമണത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ സുരക്ഷാഭീഷണിയായി. പാതിമുങ്ങിയ നിലയിൽ കപ്പൽ നടുക്കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അടുപ്പിച്ചു കരയ്ക്കു കയറ്റാനാണു നീക്കം. യുഎഇയിൽനിന്നു ബൾഗേറിയയിലേക്കുള്ള യാത്രയിലാണു ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്.

English Summary:

Israel-Hamas War: US vetoes United Nations resolution on Gaza ceasefire for third time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com