പാക്കിസ്ഥാന് കടം കൊടുക്കരുതെന്ന് ഇമ്രാൻ ഖാൻ
Mail This Article
ഇസ്‌ലാമാബാദ് ∙ പൊതുതിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനെ സഹായിക്കുന്നതു നിർത്തിവയ്ക്കാൻ രാജ്യാന്തര നാണ്യനിധിക്കു (ഐഎംഎഫ്) കത്തെഴുതുമെന്നു ജയിലിലുള്ള മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) നേതാവ് ബാരിസ്റ്റർ അലി സഫർ റാവൽപിണ്ടി ജയിലിൽ സന്ദർശിച്ചപ്പോഴാണ് ഇമ്രാൻ ഈ സന്ദേശം കൈമാറിയത്.
വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്ന തിരഞ്ഞെടുപ്പു സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം മാത്രമേ വായ്പ അനുവദിക്കാവൂവെന്നാണ് ഇമ്രാന്റെ അഭ്യർഥന. ഷെരീഫ്–ഭൂട്ടോ സഖ്യസർക്കാർ അധികാരമേറ്റാലുടൻ ഐഎംഎഫുമായി പുതിയ കരാർ ഒപ്പുവയ്ക്കേണ്ടിവരും.
അതിനിടെ, തിരഞ്ഞെടുപ്പു ക്രമക്കേടിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും ചീഫ് ജസ്റ്റിസും കൂട്ടുനിന്നെന്ന ആരോപണം ഉയർത്തിയ റാവൽപിണ്ടി മുൻ കമ്മിഷണർ ലിയാഖത്ത് അലി ഛദ്ദ മലക്കം മറിച്ചു. ഇമ്രാൻ ഖാന്റെ പാർട്ടി ഉയർന്ന പദവി വാഗ്ദാനം ചെയ്തതുകൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 13 സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കാൻ താൻ നിർബന്ധിതനായി എന്നാണു കമ്മിഷണർ സ്ഥാനം രാജിവച്ചശേഷം റാവൽപിണ്ടിയിൽ മാധ്യമസമ്മേളനം വിളിച്ച് ഛദ്ദ ആരോപിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം അറസ്റ്റിലായിരുന്നു.