അലക്സി നവൽനിയുടെ സംസ്കാരം നാളെ; കൂടുതൽ അറസ്റ്റ് ഭയക്കുന്നതായി ഭാര്യ
Mail This Article
മോസ്കോ∙ ജയിലിൽ മരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ സംസ്കാരം നാളെ നടക്കും. മോസ്കോയിലെ മദർ ഓഫ് ഗോഡ് പള്ളിയിലാണു ചടങ്ങുകൾ. സമീപത്തുള്ള ബോറിസോവ് സെമിത്തേരിയിൽ സംസ്കാരം നടത്തും. ചടങ്ങു നടത്താൻ വലിയ ഹാൾ അന്വേഷിച്ചെങ്കിലും അധികൃതർ വിലക്കേർപ്പെടുത്തിയതിനാൽ ലഭിച്ചില്ലെന്ന് നവൽനിയുടെ വക്താവ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ നവൽനി കഴിഞ്ഞ 16ന് ആണ് ജയിലിൽ മരിച്ചത്. നവൽനിയുടെ മരണസർട്ടിഫിക്കറ്റിൽ സ്വാഭാവിക മരണം എന്നാണു രേഖപ്പെടുത്തിയിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.
അതേസമയം ചടങ്ങുകൾ സമാധാനപരമായി നടക്കുമോ അതോ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമോ എന്നീ കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് നവൽനിയുടെ ഭാര്യ യൂലിയ പറഞ്ഞു. യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് യൂലിയ ഇക്കാര്യം പറഞ്ഞത്. സംഘടിത ഗുണ്ടാ സംഘത്തിന്റെ നേതാവാണ് പുട്ടിൻ എന്നും യൂലിയ ആരോപിച്ചു.
സംസ്കാരം സ്വകാര്യ ചടങ്ങായി നടത്തണമെന്ന് അധികൃതർ നിർബന്ധം ചെലുത്തുന്നതായി നവൽനിയുടെ അമ്മ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം റഷ്യൻ അധികൃതർ നിഷേധിച്ചിട്ടുണ്ട്.