പാക്കിസ്ഥാൻ പാർലമെന്റിന് പ്രതിഷേധത്തോടെ തുടക്കം
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിക്ക് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ഒരു മണിക്കൂർ വൈകി തുടക്കം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും പരിശോധന വേണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടി പിന്തുണയോടെ മത്സരിച്ചു ജയിച്ച 93 സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടിയിൽ ചേർന്നാണു പ്രതിഷേധിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് പിടിഐ സ്വതന്ത്രരായിരുന്നു.
നിലവിലെ സ്പീക്കർ രാജാ പർവേശ് അഷറഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്‍ഞ ചെയ്തു. 3 തവണ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫ് പുഞ്ചിരിച്ചുകൊണ്ട് പാർലമെന്റിൽ എത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്കു നവാസിന്റെ പാർട്ടി നിർദേശിച്ച ഷഹബാസ് ഷെരീഫ് പിന്നീടു നടന്ന മാധ്യമസമ്മേളനത്തിൽ നവാസ് പ്രധാനമന്ത്രിയായി തിരിച്ചുവരുമെന്ന് അറിയിച്ചു.