കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
Mail This Article
ടൊറന്റോ ∙ കാനഡയുടെ മുൻ പ്രധാനമന്ത്രിയും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബ്രയൻ മൾറോണി (84) അന്തരിച്ചു. അർബുദ ചികിത്സയിലായിരുന്നു. 1984 ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജസ്റ്റിൻ ട്രൂഡോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മൾറോണി യുഎസുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ കാനഡയുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
യുഎസ് പ്രസിഡന്റുമാരായ റൊണാൾഡ് റീഗൻ, എച്ച്.ഡബ്ല്യു.ബുഷ് എന്നിവരുമായി മൾറോണിക്കുണ്ടായിരുന്ന സൗഹൃദം കാനഡയെ വൻ സാമ്പത്തിക ശക്തിയാക്കുന്നതിനു സഹായിച്ചു. 1988ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഏറ്റവുമുയർന്ന ജനപ്രീതിയുമായി അധികാരത്തിലെത്തിയ മൾറോണിക്ക് ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായി 1993ൽ രാജിവച്ചൊഴിയേണ്ടിവന്നു.
1988 ൽ എയർ കാനഡയ്ക്കായി എയർബസ് വാങ്ങുന്നതിനു ജർമൻ ആയുധവ്യാപാരി കാൾഹെയ്ൻസ് ഷ്രീബറുമായുണ്ടാക്കിയ കരാറിലെ അഴിമതിയാണു കുരുക്കായത്. ഈ അഴിമതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന 2010ൽ മൾറോണി പരസ്യമായി മാപ്പു പറഞ്ഞിരുന്നു.