ADVERTISEMENT

കയ്റോ ∙   അടുത്തയാഴ്ചയോടെ റമസാൻ വ്രതം ആരംഭിക്കാനിരിക്കേ ഗാസയിൽ വെടിനിർത്തലിനുള്ള കയ്റോ ചർച്ച തീരുമാനമാകാതെ മൂന്നാം ദിവസത്തിലേക്കു നീണ്ടു. പട്ടിണി വ്യാപകമായ സാഹചര്യത്തിൽ, യുഎസ്, ജോർദാൻ, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഗാസയിൽ വിമാനം വഴി ഭക്ഷണപ്പൊതി വിതരണം തുടർന്നു. ഇന്നലെ യുഎസും ജോർദാനും 36,800 ഭക്ഷണം പൊതികൾ വിമാനം വഴി ഇട്ടുകൊടുത്തു. ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്. 

അതേസമയം, തെക്കൻ ലബനനിൽ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായുള്ള സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സാഹചര്യമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നൽകി. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഞായറാഴ്ച ആരംഭിച്ച ചർച്ചയിൽ 40 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കുമെങ്കിൽ 40 ബന്ദികളെ മോചിപ്പിക്കാമെന്ന നിർദേശമാണു ഹമാസ് മുന്നോട്ടുവച്ചത്. 

ഗാസയിൽ ശേഷിക്കുന്ന നൂറിലേറെ തടവുകാരെയും വിട്ടയയ്ക്കണമെങ്കിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഈ നിർദേശങ്ങൾ ഇസ്രയേലിനു സ്വീകാര്യമല്ലെന്നാണു വിവരം. കയ്റോ ചർച്ചയിൽ ഇസ്രയേൽ പങ്കെടുത്തിരുന്നില്ല. അതേസമയം, ഇസ്രയേലുമായി ചർച്ച തുടരുമെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ പറയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 97 പലസ്തീൻകാർ കൊല്ലപ്പെട്ടു. 123 പേർക്കു പരുക്കേറ്റു. ഇതുവരെ ഗാസയിൽ 30,631 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണം 72,043 ആയി. പലസ്തീനിലെ യുഎൻ ഏജൻസിക്കു സഹായം നൽകുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് യുഎൻ പ്രതിനിധി രുചിര കംബോജ് പറഞ്ഞു. ഗാസ മുനമ്പിലെ 23 ലക്ഷം ജനങ്ങളിൽ 75 % പേരും ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്തവരാണ്. 

English Summary:

Gaza ceasefire: Cairo discussion is going nowhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com