ഗാസ: സമാധാന പ്രതീക്ഷയേകി ബ്ലിങ്കൻ വീണ്ടും എത്തുന്നു; വിട്ടുവീഴ്ചയ്ക്ക് ഇസ്രയേലിനു മേൽ സമ്മർദം
Mail This Article
ഗാസ ∙ സമാധാനശ്രമങ്ങൾക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതിന് യുഎസ് ശ്രമം തുടരുന്നു. മധ്യപൂർവദേശത്തെ ആറാംവട്ട സന്ദർശനത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിരിച്ചു. കഴിഞ്ഞ 5 തവണയും ഇസ്രയേൽ സന്ദർശിച്ച ബ്ലിങ്കന്റെ യാത്രാപരിപാടിയിൽ ഇക്കുറി ഇസ്രയേലിനെക്കുറിച്ചു പറയുന്നില്ല. സൗദിയിലെ സൽമാൻ രാജകുമാരനെ സന്ദർശിക്കുന്ന അദ്ദേഹം സമാധാനനീക്കങ്ങൾക്ക് മുൻകൈയെടുക്കുന്ന ഖത്തറും സന്ദർശിക്കും.
ഗാസയിലെ ജനങ്ങൾ അഭയകേന്ദ്രമാക്കിയ ഈജിപ്ത് അതിർത്തി നഗരമായ റഫ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം ഇസ്രയേൽ നിരാകരിച്ചത് ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കി. 6 മാസം പിന്നിട്ട യുദ്ധം റമസാൻ നോമ്പുകാലത്തെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമം ഇസ്രയേലിന്റെ കടുംപിടിത്തം മൂലമാണ് പരാജയപ്പെട്ടതെന്ന സൂചന യുഎസ് നൽകുന്നുണ്ട്.
ഇതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ സൈനിക നടപടിയിൽ 90 ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ആശുപത്രി വളപ്പിലെ തുരങ്കങ്ങളിൽ കടന്ന് സൈന്യം പരിശോധന നടത്തിയതായും 160 പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങൾ പിടിച്ചെടുത്തതായും അറിയിപ്പിൽ പറയുന്നു. ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ഗാസയിലെ ഏക ആശുപത്രിയാണിത്.
ആശുപത്രിക്കുള്ളിലെ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുമുണ്ട്. എന്നാൽ ആശുപത്രിയിൽ കടന്ന് അതിക്രമം കാട്ടിയ ഇസ്രയേൽ സേന യുദ്ധക്കുറ്റമാണ് ചെയ്തതെന്ന് ഹമാസ് പ്രതികരിച്ചു. യുക്രെയ്നിലും ഗാസയിലും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ ശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.
കൊല്ലപ്പെട്ടവർ 31,923
∙ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത് കഴിഞ്ഞ ഒക്ടോബർ 7ന്
∙ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 31,923 ആയി; ഇന്നലെ കൊല്ലപ്പെട്ടത് 104 പേർ