അശ്ലീല ഡീപ് ഫെയ്ക് വിഡിയോ, കണ്ടത് ലക്ഷക്കണക്കിന് പേർ; 90 ലക്ഷം നഷ്ടപരിഹാരം തേടി ഇറ്റലി പ്രധാനമന്ത്രി
Mail This Article
റോം ∙ ഓൺലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകൾക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി കോടതിയെ സമീപിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുന്നതാണ് ഡീപ് ഫെയ്ക്.
Read Also: ‘സുരേഷ് ഗോപി അതു പറയരുതായിരുന്നു; എനിക്ക് കഥകളി മാത്രം, ബിജെപിക്കാരുമായി പരിചയം കുറവ്’...
വിഡിയോ നിർമിച്ചതെന്നു കരുതുന്ന നാൽപതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപുള്ളതാണ് മെലോനിയുടെ വിഡിയോകൾ. 2020 ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഇത് ലക്ഷക്കണക്കിന് ആളുകൾ മാസങ്ങളോളം കണ്ടു.
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ 2ന് കോടതിയിൽ ജോർജ മെലോനി മൊഴി നൽകും.