ഗാസ വെടിനിർത്തൽ: യുഎൻ പ്രമേയം പരാജയപ്പെട്ടു; റഫ ആക്രമണം ഒഴിവാക്കില്ലെന്ന് ഇസ്രയേൽ
Mail This Article
ജറുസലം ∙ ഗാസയിൽ വെടിനിർത്തലിന് യുഎസ് പിന്തുണയുളള പ്രമേയം ഐക്യരാഷ്ട്ര (യുഎൻ) രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. 12 ലക്ഷം പലസ്തീൻകാർ കഴിയുന്ന റഫ പട്ടണം ആക്രമിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നതാണു പ്രമേയത്തിലെ ഭാഷയെന്നാരോപിച്ചാണ് ഇരുരാജ്യങ്ങളും എതിർത്തത്. അതിനിടെ, ഇന്നലെ പുലർച്ചെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഗാസ സിറ്റിയിൽ ഒരു വീട്ടിലെ 10 പേരും കിഴക്കൻ റഫയിൽ ഒരു വീട്ടിലെ 8 പേരും കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ സൈനിക അതിക്രമം അഞ്ചാം ദിവസത്തിലേക്കു കടന്നു. നൂറുകണക്കിനു രോഗികളെയും അഭയാർഥികളെയും ആരോഗ്യപ്രവർത്തകരെയും ബലമായി ഒഴിപ്പിച്ചു. ആശുപത്രിയിൽ നൂറുകണക്കിനു ഹമാസുകാരെ കൊന്നെന്നും 500 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ടെൽ അവീവിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ ആറാമത്തെ ഇസ്രയേൽ സന്ദർശനമാണിത്. അറബ് നേതാക്കളുമായി വ്യാഴാഴ്ച ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവനും സിഐഎ തലവനുമായുള്ള കൂടിക്കാഴ്ച ഈജിപ്തിലെ കയ്റോയിൽ ആരംഭിച്ചു.
ഗാസയിൽ 5 വയസ്സിൽ താഴെയുള്ള 60% കുട്ടികളും കടുത്ത പോഷകാഹാരക്കുറവു നേരിടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഹമാസിനെ തോൽപിക്കാനായി റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കേണ്ട ആവശ്യമില്ലെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോടു പറഞ്ഞത്. യുഎസ് പിന്തുണയില്ലെങ്കിലും റഫ ആക്രമിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിൽ അടിയന്തര വെടിനിർത്തലിനെ അനുകൂലിക്കുന്നുവെങ്കിലും യുഎസിന്റെ പ്രമേയം അങ്ങേയറ്റം രാഷ്ട്രീയവൽക്കരിച്ചതാണെന്നാണു റഷ്യയും ചൈനയും ആരോപിച്ചത്. 6 ആഴ്ച വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും സഹായ വിതരണത്തിനും ശുപാർശ ചെയ്യുന്ന പ്രമേയത്തെ 15 അംഗ രക്ഷാസമിതിയിൽ 11 രാജ്യങ്ങൾ അനുകൂലിച്ചു. 3 രാജ്യങ്ങൾ എതിർത്തു. ഒരു രാജ്യം വിട്ടുനിന്നു.