അസാൻജിനെ യുഎസിലേക്ക് ഉടൻ വിട്ടുകൊടുക്കില്ല
Mail This Article
ലണ്ടൻ ∙ വധശിക്ഷ നൽകില്ലെന്ന് യുഎസ് ഉറപ്പു നൽകിയാൽ മാത്രമേ ചാരവൃത്തിക്കേസിൽ വിചാരണ ചെയ്യാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകൊടുക്കാനാവൂ എന്ന് ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് ഉറപ്പു നൽകിയില്ലെങ്കിൽ പുതിയ അപ്പീൽ നൽകാൻ അസാൻജിനെ അനുവദിക്കും. കേസ് ഇനി മേയ് 20നു മാത്രമേ പരിഗണിക്കൂ എന്നതിനാൽ അസാൻജിന് വലിയ ആശ്വാസമാണ് ഹൈക്കോടതി വിധി.
2010 ൽ യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളും പുറത്തുവിട്ടതിന് ചാരവൃത്തി നിയമപ്രകാരം വിചാരണ ചെയ്യാൻ അസാൻജിനെ വിട്ടുകിട്ടണമെന്നാണ് യുഎസ് ആവശ്യം. 5 വർഷമായി ലണ്ടനിലെ ബെൽമാഷ് ജയിലിലാണ് ഓസ്ട്രേലിയൻ പൗരനായ അസാൻജ്. 2 സ്ത്രീകൾ നൽകിയ ലൈംഗികപീഡന പരാതിയിൽ സ്വീഡന്റെ അപേക്ഷപ്രകാരം 2010 ലാണ് അസാൻജ് ലണ്ടനിൽ അറസ്റ്റിലായത്.
2012 ൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ അവിടെനിന്നു പുറത്താക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് വൈകാതെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ആ വർഷം നവംബറിൽ സ്വീഡൻ ലൈംഗിക പരാതി പിൻവലിച്ചു. വിചാരണയ്ക്കു വിട്ടുകിട്ടുന്നതിനായി യുഎസ് 2021 ൽ നൽകിയ പരാതി ഡിസ്ട്രിക്ട് കോടതി നിരസിച്ചു. 2022 ജൂണിൽ ബ്രിട്ടിഷ് സർക്കാർ അസാൻജിനെ വിട്ടുകൊടുക്കാൻ ഉത്തരവായെങ്കിലും നിയമ പോരാട്ടം തുടരുകയാണ്.