ഗാസയിൽ വീണ്ടും സഹായവിതരണം തടഞ്ഞ് ഇസ്രയേൽ
Mail This Article
ഗാസ ∙ ജീവകാരുണ്യ സംഘടനയായ ദ് വേൾഡ് സെൻട്രൽ കിച്ചന്റെ 7 സന്നദ്ധപ്രവർത്തകർ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ലോകരാജ്യങ്ങൾ രോഷം രേഖപ്പെടുത്തിയിട്ടും സഹായവിതരണ സംവിധാനത്തിനു തടസ്സം നിൽക്കുന്ന നിലപാടു സൈന്യം തുടരുന്നു. ഭക്ഷണവണ്ടികളും മറ്റും തടയുന്നത് ഇസ്രയേൽ തുടരുകയാണെന്ന് സന്നദ്ധപ്രവർത്തകർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 6 സന്നദ്ധപ്രവർത്തകരുടെ മൃതദേഹം ഈജിപ്തിലേക്കു മാറ്റി. അവ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനിടെ, വെടിനിർത്തലിനായി മുന്നോട്ടുവച്ച ഉപാധികളിൽ ഉറച്ചുനിൽക്കുകയാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേൽ സേനയുടെ പൂർണപിന്മാറ്റമാണ് സുപ്രധാന ആവശ്യങ്ങളിലൊന്ന്.
‘യുദ്ധം എന്ന മൗഢ്യം’:സമാധാനത്തിനായി വീണ്ടും മാർപാപ്പ
വത്തിക്കാൻ സിറ്റി ∙ ‘യുദ്ധത്തിൽ കൊല്ലപ്പെട്ട അലക്സാണ്ടർ എന്ന യുക്രെയ്ൻ സൈനികന്റെ ബൈബിളും കൊന്തയുമാണ് എന്റെ കയ്യിലിരിക്കുന്നത്. 23 വയസ്സുള്ള ആ സൈനികനും യുദ്ധമെന്ന മൗഢ്യത്തിൽ പൊലിഞ്ഞ മറ്റെല്ലാവർക്കും വേണ്ടി നിശബ്ദതയുടെ ഒരു നിമിഷം നൽകാം’– സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാർഥനാശുശ്രൂഷയിൽ സമാധാനത്തിനായുള്ള ആഹ്വാനം ആവർത്തിച്ച് മാർപാപ്പയുടെ വാക്കുകൾ.
യുക്രെയ്നിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ലൂസിയ എന്ന കന്യാസ്ത്രീയാണ് കൊല്ലപ്പെട്ട സൈനികന്റെ ബൈബിളും കൊന്തയും മാർപാപ്പയുടെ കയ്യിലെത്തിച്ചത്. യുക്രെയ്നിലെ ആളുകൾക്കു നൽകാനായി മാർപാപ്പ ആശീർവദിച്ചു കൊടുത്തുവിട്ട കൊന്തകളിലൊന്നായിരുന്നു അതും. ഗാസയിലും യുക്രെയ്നിലും സമാധാനം തിരികെ വരണമെന്ന അഭ്യർഥനയായിരുന്നു ഇന്നലെ മാർപാപ്പ ആവർത്തിച്ചത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ജീവകാരുണ്യപ്രവർത്തകർ കൊല്ലപ്പെട്ടതിനെ അപലപിച്ചു.