ഇക്വഡോറിൽ മെക്സിക്കോയുടെ എംബസിയിൽ കടന്ന് അറസ്റ്റ്, അറസ്റ്റിലായത് മുൻ വൈസ് പ്രസിഡന്റ്; നയതന്ത്ര പോര്
Mail This Article
ക്വിറ്റോ (ഇക്വഡോർ) ∙ ഗേറ്റ് തുറന്നു കൊടുക്കാതിരുന്ന മെക്സിക്കോ എംബസിയുടെ മതിലും വേലിയും ചാടിക്കടന്നുള്ള ഇക്വഡോർ പൊലീസിന്റെ അറസ്റ്റിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ. മെക്സിക്കോ എംബസിയിൽ അഭയം തേടിയ ഇക്വഡോർ മുൻ വൈസ് പ്രസിഡന്റ് ഹോർഹെ ഗ്ലാസിനെയാണു അഴിമതിക്കേസിൽ വെള്ളിയാഴ്ച രാത്രി ഇക്വഡോർ പൊലീസ് പിടികൂടിയത്. ഇക്വഡോറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് തൊട്ടുപിന്നാലെ മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രാദോർ പ്രഖ്യാപിച്ചു.
അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ജയിലിലായെങ്കിലും ഗ്ലാസിനെ പിന്നീട് വിട്ടയച്ചിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ എംബസിയിൽ കഴിയുകയായിരുന്ന ഗ്ലാസിനു മെക്സിക്കോ രാഷ്ട്രീയം അഭയം നൽകിയതിനു പിന്നാലെയാണ് അറസ്റ്റ്. ഗ്ലാസ് താമസിച്ചിരുന്ന മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ പൊലീസ് അദ്ദേഹത്തെ മർദിച്ച് അവശനാക്കിയശേഷം വലിച്ചിഴച്ചാണു കൊണ്ടുപോയത്.
അറസ്റ്റിന് ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നബോവ നേരിട്ട് ഉത്തരവിടുകയായിരുന്നു. നയതന്ത്ര ചട്ടലംഘനമാണ് ഇക്വഡോർ നടത്തിയെന്ന് യുഎസ് ആരോപിച്ചു. രാജ്യങ്ങൾ അവർക്കാവശ്യമായ ആഭ്യന്തര ചട്ടങ്ങളുണ്ടാക്കി രാജ്യാന്തര നിയമലംഘനം നടത്തരുതെന്ന് മെക്സിക്കോയും ഇക്വഡോറും ഉൾപ്പെട്ട ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് ഓർമിപ്പിച്ചു.