നുസീറത് അഭയാർഥി ക്യാംപിൽ ആക്രമണം; ഒട്ടേറെ മരണം
Mail This Article
ഗാസ ∙ മധ്യ ഗാസയിലെ നുസീറത് അഭയാർഥി ക്യാംപിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ യുനിസെഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇസ്രയേൽ സേനയുടെ ആക്രമണത്തിനിരയായി. 3 വെടിയുണ്ടകൾ വാഹനത്തിൽ പതിച്ചതായി യുനിസെഫ് വക്താവ് അറിയിച്ചു. തെക്കൻ ഗാസയിലെ റഫയിലും കനത്ത ആക്രമണമുണ്ടായി.
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭക്ഷണവും മരുന്നും മറ്റും എത്താൻ ഇനിയും വൈകിയാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുണ്ടാകുമെന്നും യുഎൻ രക്ഷാസമിതി വീണ്ടും മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലെത്തുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
ഇതേസമയം, ഹമാസിനു സാമ്പത്തികസഹായം നൽകിയിരുന്നവരിൽ പ്രധാനിയായ നാസർ യാക്കോബ് ജബ്ബാർ നാസറിനെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഒന്നിന് സിറിയയിലെ ഇറാന്റെ എംബസി തകർത്ത് മുതിർന്ന ജനറൽമാരടക്കം ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിന് ഇറാൻ പ്രതികാരത്തിന് ഒരുങ്ങുന്നതിന്റെ സൂചനയുണ്ട്.
ഉചിതമായ തിരിച്ചടി നൽകാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതോടെ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി. ഇതിനിടെ, ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ 3 മക്കളെ കഴിഞ്ഞ ദിവസം ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചത് സമാധാന നീക്കത്തിന് തിരിച്ചടിയായി. ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 33,545 കടന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽനിന്ന് 6000 തൊഴിലാളികൾ ഇസ്രയേലിലേക്ക്
ജറുസലം ∙ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം തൊഴിലാളി ക്ഷാമം നേരിടുന്ന ഇസ്രയേലിലേക്ക് 6000 നിർമാണത്തൊഴിലാളികൾ ഇന്ത്യയിൽ നിന്ന് ഈ മാസവും അടുത്ത മാസം ആദ്യവുമായി എത്തുന്നു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് പ്രത്യേക വിമാനത്തിലാണ് ഇവരെ എത്തിക്കുന്നത്. ഇന്ത്യാ സർക്കാരുമായി ഇതിനായി ധാരണയുണ്ടാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്ന് 80,000 പേരും ഗാസയിൽ നിന്ന് 17,000 പേരും ഇസ്രയേലിൽ ജോലി ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചശേഷം വർക് പെർമിറ്റ് റദ്ദാക്കി ഇവരെ തിരിച്ചയച്ചതാണ് തൊഴിലാളിക്ഷാമത്തിനു കാരണമായത്.