ADVERTISEMENT

ജറുസലം ∙ ഇസ്രയേലിനെ ആക്രമിച്ചത് യുഎസിനെ അറിയിച്ച ശേഷമാണെന്ന് ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കരുതെന്ന യുഎസിന്റെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും അഭ്യർഥനയോടു സംയമനത്തോടെ ഇസ്രയേൽ പ്രതികരിച്ചത് മധ്യ പൂർവ ദേശത്ത് യുദ്ധവ്യാപന ഭീതി കുറച്ചു. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്.

ഇവയിൽ മിക്കതും ഇസ്രയേൽ അതിർത്തി കടക്കും മുൻപ് വെടിവച്ചിട്ടു. ഒരു പെൺകുട്ടിക്കു പരുക്കേറ്റതല്ലാതെ കാര്യമായ നാശമൊന്നും ഇസ്രയേലിൽ ഉണ്ടായില്ല. ആക്രമണത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇന്നലെ ഇളവു വരുത്തി. ആക്രമിക്കുന്നതിന് 72 മണിക്കൂർ മുൻപ് തുർക്കി, ഇറാഖ്, ജോർദാൻ എന്നീ അയൽരാജ്യങ്ങളെയും അവരിലൂടെ യുഎസിനെയും അറിയിച്ചിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലയാനാണ് അറിയിച്ചത്. തുർക്കി, ഇറാഖ്, ജോർദാൻ ഉദ്യോഗസ്ഥർ ഇക്കാര്യം സഥിരീകരിച്ചെങ്കിലും യുഎസ് ഇതു നിഷേധിച്ചു. കടുത്ത നാശം ലക്ഷ്യമിട്ടാണ് ഇറാന്റെ ആകമണമെങ്കിലും ഇസ്രയേൽ തിരിച്ചടിച്ചാൽ ഒപ്പം കൂടില്ലെന്നും യുഎസ് വ്യക്തമാക്കി.

ഗാസ യുദ്ധത്തോടെ കലുഷിതമായ മേഖലയിൽ സംഘർഷം രൂക്ഷമാക്കാൻ താൽപര്യമില്ലെന്നും അറിയിച്ചു. തിരിച്ചടിക്കരുതെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ളവരുടെ അഭ്യർഥന  ഇസ്രയേൽ മാനിച്ചത് ആശ്വാസമായി. സംഘർഷം കൂട്ടരുതെന്ന് റഷ്യയും അഭ്യർഥിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംയമനത്തിന് ആഹ്വാനം ചെയ്തിരുന്നു. രക്ഷാസമിതി അടിയന്തരയോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. ഇസ്രയേലിലെ യുദ്ധ മന്ത്രിസഭ ചേർന്നെങ്കിലും കനത്ത തിരിച്ചടിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. 

ഇതേസമയം, ഗാസയിൽ ഇന്നലെ 68 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 33,797 ആയി. സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലേക്കു പലസ്തീൻകാർ തിരിച്ചെത്തുന്നത് അപകടകരമാണെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി. സേനയിലെ 2 കരുതൽ ബ്രിഗേഡുകളോട് നടപടിക്കൊരുങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ദക്ഷിണ ഗാസയിലെ റഫ ആക്രമിക്കുന്നതിനു മുന്നോടിയായി ഇതിനെ കാണുന്നുണ്ട്. 

English Summary:

iran about israel iran attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com