മ്യാൻമർ: സൂ ചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി
Mail This Article
നയ്പീഡോ ∙ മ്യാൻമറിൽ ജയിലിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റി. രാജ്യമെങ്ങും ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനാലാണ് 78കാരിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. സൂ ചിക്കൊപ്പം അറസ്റ്റിലായ മുൻ പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ 28 വിദേശികൾ ഉൾപ്പെടെ 3303 തടവുകാർക്ക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ശിക്ഷയിളവു നൽകി വിട്ടയയ്ക്കുകയും ചെയ്തു.
2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് അറസ്റ്റിലായ സൂ ചിക്ക് വിവിധ കേസുകളിലായി 27 വർഷം ജയിൽശിക്ഷ നൽകിയിട്ടുണ്ട്. ലോകമെങ്ങുമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടും ശിക്ഷയിൽ തെല്ലും ഇളവു നൽകില്ല. തായ്‍ലൻഡ് അതിർത്തിയിലെ മ്യാവഡിയിൽ ഗോത്രവർഗ പ്രക്ഷോഭകർ മുന്നേറുന്ന സാഹചര്യത്തിലാണ് പട്ടാള ഭരണകൂടം അയയുന്നത്.