എൽ നിനോ പിൻവാങ്ങി, പസിഫിക് തണുത്തു; ഇനി ലാ നിനയ്ക്കു സാധ്യത
Mail This Article
ലണ്ടൻ ∙ ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തി.
ലോകമാകെ കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാൻ ഇനിയുള്ള മാസങ്ങൾ ചൂണ്ടുപലകയാകും. എൽ നിനോയ്ക്ക് നേർവിപരീതമായി പസിഫിക്കിനെ തണുപ്പിക്കുന്ന ‘ലാ നിന’ ജൂൺ– ഓഗസ്റ്റ് കാലത്തു രൂപപ്പെടാൻ 60% സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അവ്യക്തയുണ്ടെന്ന് ഓസ്ട്രേലിയൻ ശാസ്ത്രസംഘം പറയുന്നു.