ഇറാൻ – ഇസ്രയേൽ സംഘർഷം: കൂടുതൽ ഉപരോധവുമായി യുഎസ്, യുകെ
Mail This Article
വാഷിങ്ടൻ ∙ ഇസ്രയേലിൽ ആക്രമണത്തിന് ഇറാൻ ഉപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസും യുകെയും ഉപരോധം ഏർപ്പെടുത്തി. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുപ്പു തുടരുന്നത് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി.
ഇറാന്റെ ഡ്രോൺ, മിസൈൽ, വ്യവസായവുമായി ബന്ധപ്പെട്ട 16 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഉപരോധം. കൂടുതൽ ആക്രമണത്തിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയാണ് ഉപരോധം ലക്ഷ്യമിടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. സിറിയ, ജോർദാൻ, യെമൻ എന്നിവിടങ്ങളിലെ ഇസ്രയേൽ വിരുദ്ധ സംഘടനകൾക്ക് ആയുധങ്ങൾ ലഭിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണ് ഉപരോധം.
യുഎസിന്റെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും സമ്മർദത്തെത്തുടർന്ന് ഇസ്രയേൽ സംയമനം കാട്ടുന്നുണ്ടെങ്കിലും ഇറാനു തിരിച്ചടി നൽകാൻ അവസരം പാർക്കുകയാണെന്നു റിപ്പോർട്ടുണ്ട്. ഗാസയിലെ നിശ്ചിത കേന്ദ്രങ്ങളിൽ അവർ ആക്രമണം തുടരുന്നു. ഇപ്പോഴത്തെ സംഘർഷത്തിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 33,970 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ പൂർണമായി സഹകരിച്ചാൽ മാത്രമേ ഗാസയിലേക്ക് ആവശ്യമായ സഹായം എത്തിക്കാനും കടുത്ത മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും കഴിയൂ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇതേസമയം, ഇസ്രയേൽ സർക്കാരുമായി ക്ലൗഡ് കംപ്യൂട്ടിങ് കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടു. ഇതിൽ 9 പേർ പ്രതിഷേധ സമരത്തിനിടെ അറസ്റ്റിലായവരാണ്.
ചെങ്കടലിനും ഏദൻ കടലിടുക്കിനും അറേബ്യൻ കടലിനും പുറമേ വിദൂരമായ ഇന്ത്യൻ മഹാസമുദ്രത്തിലെയും ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്കു നേരെ രണ്ടാഴ്ചയ്ക്കിടെ 14 ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഹൂതികളുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി ദുബായിൽ പറഞ്ഞു.