ടിബറ്റ് പ്രശ്നം: പ്രതീക്ഷയുണർത്തി ചൈന – പ്രവാസി സർക്കാർ ചർച്ച
Mail This Article
ധരംശാല ∙ ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയുടെ പ്രതിനിധിയും ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരുമായി 2002– 10 കാലയളവിൽ 9 വട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിനു വഴി തെളിഞ്ഞില്ല. അതിനുശേഷം ഒരു ചർച്ചയും ഉണ്ടായില്ല.
പടിഞ്ഞാറൻ ലഡാക്കിൽ 2020 ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതിനെത്തുടർന്ന് ടിബറ്റ് വിഷയം വീണ്ടും ശ്രദ്ധാകേന്ദ്രമായി. പ്രവാസി സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇന്ത്യ സജീവമായി ഇടപെടാനും തുടങ്ങി.
1959 ൽ ചൈനയിലെ സർക്കാരിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെത്തുടർന്ന് ദലൈലാമ ഇന്ത്യയിൽ അഭയം തേടിയിരുന്നു. ടിബറ്റിനു സ്വാതന്ത്യ്രമല്ല, സ്വയംഭരണാവകാശമാണ് വേണ്ടതെന്ന ദലൈലാമയുടെ പുതിയ നിലപാടിനെ ചൈന അനുഭാവപൂർവം പരിഗണിക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ ചർച്ചാനീക്കം.