ഗാസ വെടിനിർത്തൽ: ഹമാസ് സംഘം ഇന്ന് കയ്റോയിൽ
Mail This Article
ജറുസലം ∙ ഗാസ വെടിനിർത്തൽ ചർച്ചയ്ക്കായി ഹമാസ് സംഘം ഇന്നു കയ്റോയിലെത്തും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ തയാറാക്കിയ പുതിയ വെടിനിർത്തൽ കരാർ ചർച്ച ചെയ്യും. വെടിനിർത്തലിന് ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞദിവസം ഹമാസ് നേതൃത്വത്തിനു കൈമാറിയിരുന്നു.
പത്തു ലക്ഷത്തിലേറെ പലസ്തീൻ അഭയാർഥികൾ താൽക്കാലിക കൂടാരങ്ങളിൽ കഴിയുന്ന തെക്കൻ ഗാസയിലെ റഫ നഗരം ആക്രമിക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ സൈന്യം മുന്നോട്ടു പോകുന്നതിനിടെയാണു സമാധാന ചർച്ച വീണ്ടും സജീവമായത്. ഈ മാസമാദ്യം നടന്ന കയ്റോ ചർച്ച പരാജയമായിരുന്നു. അതിനിടെ, 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 66 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. 138 പേർക്കു പരുക്കേറ്റു. റഫ ആക്രമണപദ്ധതിക്ക് സൈനിക മേധാവി അംഗീകാരം നൽകിയതായി ഇസ്രയേൽ സേന വ്യക്തമാക്കി. എല്ലാ സൈനികവിഭാഗങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ പങ്കെടുത്ത യോഗത്തിലാണ് അംഗീകാരം നൽകിയത്.
വെടിനിർത്തലിനു വഴങ്ങരുതെന്ന നിലപാടുമായി ഇസ്രയേൽ സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. റഫ അക്രമണത്തിൽനിന്നു പിന്നാക്കം പോയാൽ അതു നാണംകെട്ട തോൽവിയാകുമെന്നു ധനമന്ത്രി ബെസലെൽ സ്മോട്രിക് പറഞ്ഞു. വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ നെതന്യാഹു സർക്കാരിന്റെ അന്ത്യമായിരിക്കുമെന്നു ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻഗിറും മുന്നറിയിപ്പു നൽകി. തീവ്രനിലപാടുകാരായ ഘടകകക്ഷികളുടെ പിന്തുണയില്ലാതെ നെതന്യാഹുവിനു ഭരണം തുടരാനാവില്ല.
അതേസമയം, യുഎസിനു മാത്രമേ ഇസ്രയേലിന്റെ ആക്രമണം തടയാൻ കഴിയൂ എന്നു റിയാദിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. റഫയ്ക്കുനേരെയുള്ള ചെറിയ ആക്രമണം പോലും കൂട്ടപ്പലായനം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.