പലസ്തീന് യുഎൻ അംഗത്വം: അനുകൂലിച്ച് ഇന്ത്യ
Mail This Article
ന്യൂയോർക്ക് ∙ പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിലെ കരടുപ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 143 രാജ്യങ്ങൾ അനുകൂല വോട്ട് രേഖപ്പെടുത്തി. അറബ് രാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷപദവിയുള്ള യുഎഇ ആണ് 193 അംഗങ്ങളുള്ള പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. യുഎസും ഇസ്രയേലും അടക്കം 9 രാജ്യങ്ങൾ എതിർത്തപ്പോൾ 25 പേർ വിട്ടുനിന്നു.
യുഎൻ ചാർട്ടർ നാലാം വകുപ്പു പ്രകാരമുള്ള അംഗത്വത്തിന് പലസ്തീന് അർഹതയുണ്ടെന്നായിരുന്നു പ്രമേയ ഉള്ളടക്കം. യുഎൻ രക്ഷാസമിതി ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് അനുകൂല തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. യുഎൻ അംഗത്വം രക്ഷാസമിതിയുടെ അധികാരപരിധിയിലാണ്. അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവിയാണ് 2012 മുതൽ പലസ്തീനുള്ളത്. ഇത് പൂർണ അംഗത്വമാക്കി മാറ്റാനാണ് കരടുപ്രമേയം നിർദേശിക്കുന്നത്.
വാദപതിവാദങ്ങൾക്കു ശേഷമുള്ള വോട്ടെടുപ്പിന്റെ ഫലമറിഞ്ഞപ്പോൾ യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാദ് ഏർദാൻ രോഷാകുലനായി. ഒരു ഭീകരരാഷ്ട്രത്തെ ക്ഷണിക്കുകയാണു യുഎൻ ചെയ്യുന്നതെന്നു പറഞ്ഞ ഏർദാൻ പ്രതീകാത്മക പ്രതിഷേധമായി യുഎൻ ചാർട്ടർ ചെറുയന്ത്രത്തിലിട്ട് തുണ്ടു തുണ്ടായി കീറി. പലസ്തീന് അംഗത്വം നൽകണമെന്നു പറയുന്ന രാജ്യങ്ങൾ യുഎൻ പ്രമാണത്തെ ഇത്തരത്തിൽ ചീന്തിയെറിയുകയാണെന്നും അവർ സ്വയം ലജ്ജിക്കണമെന്നും പറഞ്ഞാണ് ഏർദാൻ സ്ഥലംവിട്ടത്.