നേപ്പാളിൽ സർക്കാർ വിശ്വാസവോട്ടു നേടി
Mail This Article
കഠ്മണ്ഡു∙ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ പാർലമെന്റിൽ വിശ്വാസവോട്ടു നേടി. 2022 ഡിസംബറിൽ അധികാരത്തിലെത്തിയ പ്രചണ്ഡ 18 മാസത്തിനിടെ നാലാം തവണയാണ് ഭൂരിപക്ഷം തെളിയിക്കുന്നത്. 275 അംഗ പാർലമെന്റിലെ വോട്ടെടുപ്പിൽ സർക്കാരിന് 157 വോട്ട് ലഭിച്ചു.
138 വോട്ടാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഘടകകക്ഷിയായ ജനതാ സമാജ്വാദി പാർട്ടി (ജെഎസ്പി) കഴിഞ്ഞയാഴ്ച മുന്നണി വിട്ടിരുന്നു. നേപ്പാൾ ഭരണഘടനയനുസരിച്ച് ഏതെങ്കിലും പാർട്ടി സർക്കാരിൽ നിന്ന് പിന്മാറിയാൽ ഭൂരിപക്ഷം തെളിയിക്കണം.
പ്രചണ്ഡ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ആണ് മുന്നണിയിലെ പ്രധാന കക്ഷി.