ശ്രീലങ്കയിൽ രാജപക്സെ തിരിച്ചുവരവിന് ഒരുങ്ങുന്നു
Mail This Article
കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബർ 17നും ഒക്ടോബർ 16നും ഇടയിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചതോടെ രാജപക്സെ കുടുംബം തിരിച്ചുവരവിന് ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തലാവയിൽ ഇന്നലെ അവർ നേതൃത്വം നൽകുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) പാർട്ടി വൻ റാലി നടത്തി. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയാണു റാലി ഉദ്ഘാടനം ചെയ്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി സർക്കാർവിരുദ്ധ ജനകീയ പ്രക്ഷോഭമായതോടെ 2022ലാണു പ്രസിഡന്റ് ഗോട്ടബയ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, ധനമന്ത്രി ബേസിൽ രാജപക്സെ എന്നിവർക്കു സ്ഥാനമൊഴിയേണ്ടിവന്നത്. ക്ഷുഭിതരായ ജനക്കൂട്ടം ഒരു എംപിയെ വധിക്കുകയും നൂറിലേറെ നേതാക്കളുടെ വീടുകൾക്കു തീയിടുകയും ചെയ്തിരുന്നു. കാലാവധി പൂർത്തിയാക്കാൻ രാഷ്ട്രീയ എതിരാളി റനിൽ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ പാർട്ടി നിർബന്ധിതരാവുകയായിരുന്നു. നിയമം അനുസരിച്ച് 2025 ഓഗസ്റ്റിനുള്ളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനു മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കണം.