ADVERTISEMENT

വാഷിങ്ടൻ ∙ നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്വന്തം പാർട്ടിയുടെ പിന്തുണ ഉറപ്പിച്ചു. യുഎസ് സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളായി നടന്നുവന്നിരുന്ന ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറികളിൽ അവശേഷിച്ചവയാണ് ഇന്നലെ പൂർത്തിയായത്. 

ന്യൂമെക്സിക്കോ, മോണ്ടാന, ന്യൂജഴ്സി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കൻ പാർട്ടി വോട്ടെടുപ്പിൽ ട്രംപ് വിജയിച്ചു. ന്യൂമെക്സിക്കോ, സൗത്ത് ഡക്കോട്ട, ന്യൂജഴ്സി, മോണ്ടാന, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഡെമോക്രാറ്റ് പ്രൈമറികൾ നടന്നത്. ഇവയിലെല്ലാം ബൈഡൻ വിജയിച്ചു. ഗാസ യുദ്ധത്തിലെ ബൈഡന്റെ നിലപാടിൽ ആശങ്ക വ്യക്തമാക്കി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധ വോട്ടുകളും ഉണ്ടായിരുന്നു. 

ജൂലൈ 15നു മിൽവോക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ പാർട്ടി സ്ഥാനാ‌ർഥിയായി ട്രംപിനെയും ഒപ്പം മത്സരിക്കാനുള്ള വൈസ് പ്രസിഡന്റ് സ്ഥാനാ‍ർഥിയെയും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഓഗസ്റ്റ് 19നു ഷിക്കാഗോയിൽ ഡെമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ ബൈ‍ഡനെ പ്രസിഡന്റ് സ്ഥാനാർഥിയായും കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായും പ്രഖ്യാപിക്കും. 

ഈ മാസം 27നാണ് ബൈഡനും ട്രംപും തമ്മിലുള്ള ആദ്യത്തെ സംവാദം. സെപ്റ്റംബർ 10ന് രണ്ടാമത്തെ സംവാദം. യുഎസ് കോൺഗ്രസ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പ്രൈമറികളും പൂർത്തിയായി. 

English Summary:

Joe Biden and Donald Trump secured support of their own parties to become candidates in US presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com