മധ്യ, ദക്ഷിണ ഗാസയിൽ കനത്ത ആക്രമണം; 28 മരണം
Mail This Article
ഗാസ ∙ സമാധാനശ്രമങ്ങൾ അനിശ്ചിതമായി തുടരുന്നതിനിടെ മധ്യ, ദക്ഷിണ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഗാസ സിറ്റിയിൽ അഭയാർഥികളെ പാർപ്പിച്ചിരുന്ന ഒരു സ്കൂളിൽ 3 പേർ ഉൾപ്പെടെ 28 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. റഫയുടെ തെക്കു പടിഞ്ഞാറൻ തീരത്തേക്ക് ഇസ്രയേൽ കൂടുതൽ ടാങ്കുകൾ അയച്ചു. ഈജിപ്തുമായുള്ള അതിർത്തിയിലെ അൽ ഇസ്ബയിൽ ഉയർന്ന കെട്ടിടങ്ങളുടെ നിയന്ത്രണം ഇസ്രയേൽ സൈനികർ ഏറ്റെടുത്തു. ദെയ്ർ അൽ ബലായിൽ ഇസ്രയേൽ സൈനികർ താവളമാക്കിയിരുന്ന ഒരു വീട് ആക്രമിച്ചതിൽ ഏതാനും പേർ കൊല്ലപ്പെട്ടതായും ഒട്ടേറെ പേർക്കു പരുക്കേറ്റതായും ഹമാസ് അവകാശപ്പെട്ടു.
-
Also Read
ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്ത് സുനിത
യുഎസ് ഉൾപ്പെടെ രാഷ്ട്രങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും താൽക്കാലിക വെടിനിർത്തൽ ആകാമെന്നും ഹമാസിനെ പൂർണമായും തകർക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് ഇസ്രയേൽ. പ്രശ്നത്തിനു ശാശ്വത പരിഹാരമില്ലാതെ പോരാട്ടം അവസാനിപ്പിക്കാനും ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനുമില്ലെന്ന് ഹമാസും ശഠിക്കുന്നു.
ഇതേസമയം, സ്ത്രീകൾക്കു കുട്ടികൾക്കും എതിരെ അക്രമം കാട്ടുന്നവരുടെ ആഗോള പട്ടികയിൽ ഇസ്രയേൽ സേനയെ ഉൾപ്പെടുത്തിയതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. ഇതിനിടെ, യുഎസ് ഏജൻസികളുടെ സഹായം എത്തിക്കുന്നതിന് ഗാസയിൽ യുഎസ് താൽക്കാലിക കടൽപാലം വീണ്ടും തുറന്നു. ഗാസയിൽ തൊഴിലില്ലായ്മ 80 ശതമാനവും വെസ്റ്റ് ബാങ്കിൽ 50 ശതമാനവുമാണെന്ന് യുഎൻ ലേബർ ഏജൻസി അറിയിച്ചു.