ADVERTISEMENT

ഗാസ ∙ തെക്കൻ ഗാസയിൽ സഹായവുമായെത്തുന്ന ട്രക്കുകൾ കാത്തുനിന്ന പലസ്തീൻകാർക്കു നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. കെറം ശാലോം ക്രോസിങ്ങിനു സമീപമാണ് ആക്രമണമുണ്ടായത്. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മധ്യ ഗാസയിൽ ബുധനാഴ്ച രാത്രി മുഴുവൻ ശക്തമായ ആക്രമണമുണ്ടായി. ഇവിടെ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു.

റഫയിൽ കരയാക്രമണം ശക്തിപ്പെടുത്തിയ ഇസ്രയേൽ അൽ മഖാസി, അൽ ബുറേജ് അഭയാർഥി ക്യാംപുകളിൽ കനത്ത നാശം വിതച്ചു. അൽ നുസീറത് ക്യാംപിൽ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 2 പേർ കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേന തടവിലാക്കിയിരുന്ന 33 പലസ്തീൻകാരെ ഇന്നലെ മോചിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇതേസമയം, യെമനിലെ ഹൂതി മേഖലകളിൽ ആക്രമണം നടത്തി ഒരു കമാൻഡ് കേന്ദ്രം തകർത്തതായി യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടലിൽ ഹൂതികളുടെ 2 ഡ്രോൺ ബോട്ടുകൾ തകർക്കുകയും ചെയ്തു. ഇതിനിടെ, ഗാസ യുദ്ധം സംബന്ധിച്ച് ഇസ്രയേൽ സൈന്യവും സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ടുണ്ട്. തന്ത്രപരമായ വെടിനിർത്തലിനെ സൈന്യം അനുകൂലിക്കുമ്പോഴും ഹമാസിനെ പൂർണമായി തകർക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന ശാഠ്യത്തിലാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. 9 മാസമായി തീർപ്പില്ലാതെ യുദ്ധം തുടരുന്നതും ബന്ദികളെ മുഴുവൻ മോചിപ്പിക്കാനാവാത്തതും സർക്കാരിലെ ചില പ്രമുഖരെ ആശങ്കപ്പെടുത്തുന്നു. യുദ്ധശേഷം എന്തെന്ന കാര്യത്തിൽ വ്യക്തമായ പദ്ധതിയില്ലാത്തതും വിമർശനത്തിന് ഇടയാക്കുന്നു. യുദ്ധത്തെ നിരുപാധികം പിന്തുണയ്ക്കുമ്പോഴും പൊതുജനങ്ങൾക്കിടയിലും അസ്വസ്ഥത പടരുന്നുണ്ട്. 

ഇതിനിടെ, ഹിസ്ബുല്ലയ്ക്കെതിരെ യുദ്ധം വ്യാപിപ്പിച്ചാൽ ഇസ്രയേലിലെയും യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിലെയും ഒരു സ്ഥലവും സുരക്ഷിതമായിരിക്കില്ലെന്ന് ലബനനിലെ ഹിസ്ബുല്ല തലവൻ സയീദ് ഹസൻ നസ്രല്ല മുന്നറിയിപ്പു നൽകി. ഇസ്രയേലിലെ പ്രധാന സൈനികകേന്ദ്രങ്ങളുടെ ഡ്രോൺ ചിത്രങ്ങൾ ഹിസ്ബുല്ല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗാസ യുദ്ധത്തിനിടെ കഴിഞ്ഞ 9 മാസത്തിനിടെ മരിച്ച പലസ്തീൻകാരുടെ എണ്ണം 37,431 ആയി.  പരുക്കേറ്റവർ 85,653.

English Summary:

Gaza: Attack on those waiting for help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com