ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിലെ പാർക്കിൻസൺസ് ചികിത്സാ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കനാഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 8 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്ന് അതിഥികളെ സംബന്ധിച്ച രേഖകൾ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27ന് നടന്ന സംവാദത്തിൽ ബൈഡൻ പതറിയതും അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച ചർച്ചകൾക്ക് ഊർജമേകി, പ്രസിഡന്റിന് ആരോഗ്യപരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചികിത്സയിലല്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരൈൻ ഷോൺ പിയറി അറിയിച്ചു. ഡോ. കനാഡിന്റെ സന്ദർശനം സംബന്ധിച്ച് ചോദ്യങ്ങളോടു പ്രതികരിച്ചില്ലെങ്കിലും വാർഷിക വൈദ്യ പരിശോധനയ്ക്കു മുൻപ് ബൈഡൻ 3 തവണ ഒരു ന്യൂറോളജിസ്റ്റിനെ കണ്ടിരുന്നുവെന്ന് അവർ പറഞ്ഞു. 

ഇതേസമയം, പ്രസിഡന്റിന്റെ ശ്രമകരമായ ജോലി നിർവഹിക്കാനുള്ള മാനസികാരോഗ്യം ബൈഡനുണ്ടോ എന്ന സംശയം ഡെമോക്രാറ്റ് നേതാക്കളിൽ ചിലർക്കുണ്ട്. പിന്മാറില്ലെന്ന് വ്യക്തമാക്കിയ ബൈഡൻ ഓഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റ് സമ്മേളനത്തിൽ എതിരഭിപ്രായം ഉളളവർക്ക് അവതരിപ്പിക്കാമെന്ന നിലപാടിലാണ്. വാഷിങ്ടനിൽ ഇന്നലെ ആരംഭിച്ച നാറ്റോ ഉച്ചകോടിയിലെ മികച്ച പ്രകടനത്തോടെ ആരോഗ്യപരമായി തനിക്കു പ്രശ്നമൊന്നുമില്ലെന്നു തെളിയിക്കാൻ ബൈഡൻ ശ്രമിക്കുന്നുണ്ട്. 

English Summary:

White House denies rumour of Joe Biden undergoing treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com