നേപ്പാളിൽ മണ്ണിടിച്ചിൽ: 2 ബസുകൾ നദിയിലേക്കു മറിഞ്ഞ് 62 പേരെ കാണാതായി
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് 2 ബസുകൾ നദിയിലേക്കു മറിഞ്ഞ് 7 ഇന്ത്യക്കാരുൾപ്പെടെ 62 പേരെ കാണാതായി. 3 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. തലസ്ഥാന നഗരമായ കഠ്മണ്ഡുവിൽനിന്ന് 86 കിലോമീറ്റർ പടിഞ്ഞാറ് ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്– മുഗ്‌ലിങ് റോഡിൽ ഇന്നലെ പുലർച്ചെ 3.30ന് ആണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ 2 ബസുകളും ത്രിശൂൽ നദിയിലേക്കു മറിയുകയായിരുന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന നദിയിൽ ബസുകൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കയുമാണ്. സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.
41 യാത്രക്കാരുമായി കഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്കു പോവുകയായിരുന്ന ‘ഗണപതി ഡീലക്സ്’, 24 യാത്രക്കാരുമായി കഠ്മണ്ഡുവിലേക്കു പോയ ‘എയ്ഞ്ചൽ’ എന്നീ ബസുകളാണ് മറിഞ്ഞത്. മലമുകളിൽനിന്ന് പാറയും ചെളിയും ബസിനു മുകളിലേക്ക് വീഴുന്നതു കണ്ട് പുറത്തു ചാടിയ ഗണപതി ബസിലെ 3 യാത്രക്കാരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി പറഞ്ഞു. എയ്ഞ്ചൽ ബസിലെ യാത്രക്കാരിൽ 7 പേർ ഇന്ത്യക്കാരാണെന്നാണു വിവരം. സന്തോഷ് ഠാക്കൂർ, സുരേന്ദ്ര ഷാ, അദിത് മിയാൻ, സുനിൽ, ഷാനവാജ് അലാം, അൻസാരി എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് ഇന്ത്യക്കാരെന്നു വ്യക്തമായിട്ടുണ്ട്. കഠ്മണ്ഡുവിൽനിന്ന് 150 കിലോമീറ്റർ പടിഞ്ഞാറുള്ള കസ്കി ജില്ലയിലും ഇന്നലെ മണ്ണിടിച്ചിലുണ്ടായി 11 പേർ മരിച്ചു. ഇവിടെ 3 വീടുകൾ ഒഴുകിപ്പോയി. സമീപത്തെ മ്യാഗഡി ജില്ലയിൽ 3 പേർ മരിച്ചു. ഈ വർഷം ജൂൺ പകുതിക്കു ശേഷം ഇതുവരെ മലയിടിച്ചിലിൽ രാജ്യത്ത് 91 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തങ്ങളിൽ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ (പ്രചണ്ഡ) അനുശോചിച്ചു.