ബംഗ്ലദേശിൽ സംവരണ പ്രക്ഷോഭം അക്രമാസക്തം; ക്യാംപസുകളിലേക്ക് പൊലീസ്, പലയിടത്തും ഏറ്റുമുട്ടൽ
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ജോലിസംവരണത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. വടിയും കല്ലുമായി ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്നലെയും ധാക്കയും ചിറ്റഗോങ്ങും ഉൾപ്പെടെ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പലയിടത്തും കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. ഇന്നലെ 4 പേർ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്റർനെറ്റ് സേവനം പലയിടത്തും താൽക്കാലികമായി നിർത്തിവച്ചു. സമരം ശക്തമായ ക്യാംപസുകളിലേക്ക് പൊലീസിനെയും അതിർത്തിസേനയെയും നിയോഗിച്ചു.
1971 ലെ ബംഗ്ലദേശ് വിമാചനസമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള 30% സർക്കാർ ജോലിസംവരണം പുനരാരംഭിക്കാൻ നിർദേശിച്ചുള്ള ഹൈക്കോടതി വിധിയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു കാരണമായത്. തൊഴിലില്ലായ്മ 50 ശതമാനത്തിലേറെയുള്ള ഇവിടത്തെ വിദ്യാർഥികളെയും യുവജനങ്ങളെയും ഇതു രോഷാകുലരാക്കി. വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഓഗസ്റ്റ് 7നു പരിഗണിക്കും. സുപ്രീം കോടതിയുടെ തീരുമാനം വരും വരെ കാത്തിരിക്കണമെന്ന സർക്കാരിന്റെ അഭ്യർഥന സമരക്കാർ സ്വീകരിച്ചില്ല. ചർച്ചയ്ക്കു തയാറാണെന്നും അക്രമത്തിൽ നിന്നു പിന്മാറണമെന്നും നിയമമന്ത്രി അനിസുൽ ഹഖ് വീണ്ടും അഭ്യർഥിച്ചു. ഇതേസമയം, വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നതിനാൽ ബംഗ്ലദേശിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യ പൗരന്മാർക്കു നിർദേശം നൽകി.