ADVERTISEMENT

വാഷിങ്ടൻ ∙യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം നടക്കുമ്പോൾ, ഗാസ യുദ്ധത്തിനെതിരെ ക്യാപ്പിറ്റോളിനു സമീപം ആയിരങ്ങൾ പ്രതിഷേധറാലി നടത്തി. നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ, സന്ദർശകഗാലറിയിൽ എഴുന്നേറ്റുനിന്നു മൗനപ്രതിഷേധം നടത്തിയ ബന്ദികളുടെ കുടുംബാംഗങ്ങളായ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഹമാസിനെതിരെ സമ്പൂർണവിജയം നേടും വരെ ഗാസയിൽ ആക്രമണം തുടരുമെന്ന് 54 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നെതന്യാഹു പ്രഖ്യാപിച്ചു. ഒട്ടേറെ മുതിർന്ന ഡെമോക്രാറ്റ് നേതാക്കൾ പ്രസംഗം കേൾക്കാനെത്തിയില്ല. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനു പുറമേ ഡെമോക്രാറ്റ് സ്ഥാനാർഥിയാകാൻ രംഗത്തുളള വൈസ് പ്രസിഡന്റ് കമല ഹാരിസ്, റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായും നെതന്യാഹു വെവ്വേറെ കൂടിക്കാഴ്ച നടത്തും. 

ഇന്നലെ ദോഹയിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഗാസ വെടിനിർത്തൽ ചർച്ച നീണ്ടേക്കും. ഇസ്രയേൽ പ്രതിനിധികളുടെ ദോഹ യാത്ര അടുത്തയാഴ്ചയ്ക്കു മാറ്റി. സമാധാനചർച്ചകളെ അട്ടിമറിക്കുകയാണു നെതന്യാഹു ചെയ്തുകൊണ്ടിരിക്കുന്നതെന്നു ഹമാസ് വിമർശിച്ചു. 

തെക്കൻ ഗാസ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ ആക്രമണം ഇന്നലെയും തുടർന്നു. ഖാൻ യൂനിസിലെ ബാനി സുഹൈല, അൽ സന്ന, അൽ ഖരാര എന്നീ പട്ടണങ്ങളിൽ ഹമാസ് ശക്തമായ ചെറുത്തുനിൽപ് തുടരുന്നുവെന്നാണു റിപ്പോർട്ട്. ഈ മേഖലയിൽനിന്നാണ് സൈന്യം 5 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗാസയിലുള്ള 110 ബന്ദികളിൽ മൂന്നിലൊന്നും മരിച്ചതായാണ് ഇസ്രയേൽ പറയുന്നത്. റഫയിലെ ഈജിപ്ത് അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലും ഇന്നലെ ശക്തമായ ബോംബാക്രമണമുണ്ടായി. ഖാൻ യൂനിസിൽ 50 ഹമാസ് താവളങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 

ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 39,175 പലസ്തീൻകാർ കൊല്ലപ്പെട്ടു. 90,403 പേർക്കു പരുക്കേറ്റു. പതിനേഴുകാരൻ അടക്കം 8 പലസ്തീൻകാരെ കൂടി ഇസ്രയേൽ തടവിൽനിന്നു മോചിപ്പിച്ചു. തടവിൽ ക്രൂരപീഡനത്തിന് ഇരയായെന്നും ഷോക്കടിപ്പിച്ചുവെന്നും പതിനേഴുകാരൻ പറഞ്ഞു. 

അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹിൽടോപ് യൂത്ത് എന്ന തീവ്ര ഇസ്രയേലി സംഘടനയ്ക്കും അതിന്റെ നേതാവ് അടക്കം 7 ഇസ്രയേൽ പൗരന്മാർക്കും എതിരെ ഓസ്ട്രേലിയ ഉപരോധം ഏർപ്പെടുത്തി.

English Summary:

Benjamin Netanyahu's speech inside; Thousands protest outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com