ADVERTISEMENT

ധാക്ക ∙ ഷെയ്ഖ ഹസീന സർക്കാർ വീണതോടെ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്ക് വിദ്യാർഥി സംഘടനകൾ മുന്നോട്ടുവച്ചത് ഒരേയൊരു പേര്: നൊബേൽ ജേതാവായ സാമ്പത്തികവിദഗ്ധൻ മുഹമ്മദ് യൂനുസ്. പാരിസിൽ ഒളിംപിക്സ് വേദിയിലുള്ള യൂനുസ് (83) തിരിച്ചെത്തുന്നത് ആ പദവിയിലേക്കാണ്.

ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമർശകനാണ് യൂനുസ്. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും വ്യാപകമായ രാജ്യത്തെ നയിക്കാൻ മികച്ച സാമ്പത്തികവിദഗ്ധൻ വേണം. സാമൂഹിക സാമ്പത്തികമേഖലയിലെ സംഭാവനയ്ക്ക് നൊബേൽ നൽകി ആദരിക്കപ്പെട്ട യൂനുസല്ലാതെ മറ്റൊരാളില്ലെന്ന് ഇവർ കണക്കു കൂട്ടുന്നു.

യൂനുസ് 1983ൽ സ്ഥാപിച്ച ഗ്രാമീൺ ബാങ്ക് പാവങ്ങളിൽ പാവങ്ങൾക്ക് ചെറുകിട വായ്പനൽകി സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതും മൈക്രോഫിനാൻസിങ് ജനകീയമാക്കി രാജ്യത്തെ ദാരിദ്ര്യം കുറച്ചതും ലോകശ്രദ്ധ നേടിയിരുന്നു. സർക്കാരിന്റെ വിമർശകനായി മാറിയതോടെ ഷെയ്ഖ് ഹസീന വേട്ടയാടി. രാഷ്ട്രീയപാർട്ടിയുമായി യൂനുസ് എത്തുമെന്നും തനിക്കു ഭീഷണിയാകുമെന്നും ഹസീന കരുതി.

2011ൽ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടു. നൊബേൽ സമ്മാനമായി ലഭിച്ച തുകയും പുസ്തകത്തിന്റെ റോയൽറ്റിയും സ്വീകരിച്ചതിന് സർക്കാർ അനുമതിയില്ലാതെ ഫണ്ട് സ്വീകരിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു. കേസുകളെ നിയമപരമായി നേരിട്ട യൂനുസ് ജാമ്യത്തിലാണിപ്പോൾ. 1940ൽ ചിറ്റഗോങ്ങിലാണ് ജനനം.

ഇന്ത്യയോട് കോപം

ഷെയ്ഖ് ഹസീനയുടെ പതനത്തെ രണ്ടാം വിമോചന ദിവസമെന്നു വിശേഷിപ്പിച്ച യൂനുസ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനെ വിമർശിച്ചു. ‘ഇന്ത്യ ബംഗ്ലദേശിന്റെ നല്ല സുഹൃത്താണ്. പക്ഷേ, ഞങ്ങളുടെ ജീവിതം തകർത്ത വ്യക്തിക്ക് അഭയം നൽകിയതിനു ബംഗ്ലദേശുകാർ ഇന്ത്യയോടു ദേഷ്യത്തിലാണ്’– യൂനുസ് പറഞ്ഞു.

English Summary:

Bangladesh: Muhammad Yunus appointed interim govt chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com