ബംഗ്ലദേശ് സർക്കാർ വിരുദ്ധ പ്രക്ഷോഭം: നിർമാതാവിനെയും മകനെയും ജനക്കൂട്ടം അടിച്ചുകൊന്നു
Mail This Article
ധാക്ക ∙ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, പ്രമുഖ സിനിമ നിർമാതാവ് സലീം ഖാനെയും മകനും നടനുമായ ഷാന്റോ ഖാനെയും ജനക്കൂട്ടം അടിച്ചുകൊന്നു. ആക്രമണം ഭയന്ന് കാറിൽ രക്ഷപ്പെടുന്നതിനിടെ ഇരുവരും അക്രമാസക്തമായ ജനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇവർ വെടിയുതിർത്തെങ്കിലും ഫലമുണ്ടായില്ല. മർദനത്തിൽ ഗുരുതരമായ പരുക്കേറ്റ ഇരുവരും ആശുപത്രിയിലാണു മരിച്ചത്. തിങ്കളാഴ്ച രാവിലെയാണു സംഭവം.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗുമായി അടുത്തബന്ധമുണ്ടായിരുന്ന സലീം ഖാൻ, ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ സിനിമയാക്കിയിരുന്നു. സലീം ഖാന് ബംഗാൾ ചലച്ചിത്രലോകവുമായും നല്ല ബന്ധമുണ്ട്.
ബംഗ്ല ഗായകന്റെ വീട് കൊള്ളയടിച്ചു, തീയിട്ടു
ധാക്ക ∙സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ, ബംഗ്ലദേശിലെ പ്രശസ്ത ഗായകൻ രാഹുൽ ആനന്ദയുടെ വീട് ആക്രമിച്ച ജനക്കൂട്ടം വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിച്ചശേഷം വീടു തീയിട്ടു നശിപ്പിച്ചു. 150 വർഷം പഴക്കമുള്ള വീടാണിത്. രാഹുൽ രൂപകൽപന ചെയ്ത 3,000 സംഗീതോപകരണങ്ങളും കത്തിനശിച്ചെന്നാണു റിപ്പോർട്ട്. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ രാഹുലിനെയും കുടുംബത്തെയും സുഹൃത്തുക്കൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ജോളർ ഗാൻ എന്ന ബംഗ്ലദേശിലെ പ്രമുഖ സംഗീതസംഘത്തിലെ മുൻനിര ഗായകനാണു രാഹുൽ. സംഗീതലോകത്തിലെ പ്രമുഖർ ഒത്തുകൂടാറുള്ള രാഹുലിന്റെ വസതി, 2023 സെപ്റ്റംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സന്ദർശിച്ചിരുന്നു.