ADVERTISEMENT

ജറുസലം ∙ പലസ്തീനിൽ പ്രവർത്തിക്കുന്ന 8 നോർവീജിയൻ നയതന്ത്രജ്ഞരുടെ നയതന്ത്ര അംഗീകാരം ഇസ്രയേൽ റദ്ദാക്കി. പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചതിലൂടെ നോർവേ സ്വീകരിച്ച ഇസ്രയേൽ വിരുദ്ധ നയങ്ങളാണു കാരണമെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നോർവേ അംബാസഡറെ വിളിച്ചുവരുത്തിയാണു ടെൽ അവീവിലുള്ള 8 പേരുടെ നയതന്ത്രപദവി 7 ദിവസത്തിനകം റദ്ദാകുമെന്ന് അറിയിച്ചത്. 3 മാസത്തിനകം വീസയും റദ്ദാക്കും.

1995 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഓഫിസ് ഇതോടെ അടച്ചുപൂട്ടേണ്ടിവരുമെന്നു നോർവേ വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. മേയിലാണ് അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്കൊപ്പം നോർവേയും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ചത്. അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് മേഖലയിൽനിന്നു പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. സൈന്യം പിൻവാങ്ങിയതിനു പിന്നാലെ ഈ മേഖലയിൽനിന്നു റോക്കറ്റാക്രമണമുണ്ടായതിനാലാണു വീണ്ടും ആക്രമണത്തിനു നീക്കം.

10 മാസം പിന്നിടുന്ന ഗാസ യുദ്ധത്തിൽ, ഹമാസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ടിരുന്ന പല പ്രദേശങ്ങളിലേക്കും സൈനിക ടാങ്കുകൾ മടങ്ങിയെത്തുകയാണ്. ഗാസ സിറ്റിയിൽ അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന 2 സ്കൂളുകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ഇവിടെ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ആരോപിച്ചു.

മധ്യഗാസയിലെ അൽ ബുറേജ് അഭയാർഥി ക്യംപിലെ ബോംബാക്രമണത്തിൽ 15 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. യുഎസ് ആസ്ഥാനമായ ജീവകാരുണ്യസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യുസികെ) ജീവനക്കാരൻ ദെയ്റൽ ബലാഹിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏപ്രിലിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഡബ്ല്യുസികെയുടെ 7 ജീവനക്കാരാണു കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 39,699 പലസ്തീൻകാർ കൊല്ലപ്പെട്ടു. 91,722 പേർക്കു പരുക്കേറ്റു.

English Summary:

Israel revokes diplomatic status of six Norwegian diplomats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com