15ന് വെടിനിർത്തൽ ചർച്ച; പാഴ്വേലയെന്ന് ഹമാസ്
Mail This Article
ജറുസലം ∙ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന വെടിനിർത്തൽ ചർച്ചയിൽ പങ്കെടുത്തേക്കില്ലെന്ന് ഹമാസ് നേതൃത്വം സൂചന നൽകി. ഇസ്രയേൽ സഹകരണമില്ലാതെ ചർച്ച പാഴ്‌വേലയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ രൂപരേഖ നടപ്പിലാക്കാനുള്ള പദ്ധതി ആദ്യം മുന്നോട്ടുവയ്ക്കുകയാണു വേണ്ടതെന്നും മധ്യസ്ഥരാജ്യങ്ങളായ ഖത്തറിനോടും ഈജിപ്തിനോടും ഹമാസ് പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്നുള്ള പലസ്തീൻകാരുടെ പലായനം തുടരുന്നതിനിടെ 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ ജനസംഖ്യയുടെ 1.8% കൊല്ലപ്പെട്ടതായും ഇതിൽ 75% 30ൽ താഴെ പ്രായക്കാരാണെന്നും പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
ഖാൻ യൂനിസിൽനിന്നു പലായനം ചെയ്യുന്ന പതിനായിരങ്ങൾ പോകാനിടമില്ലാതെ തെരുവോരങ്ങളിലാണ് അന്തിയുറങ്ങുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ ഇവർ നരകയാതനയിലാണെന്നും യുഎൻ ഏജൻസികൾ പറഞ്ഞു.
വടക്കൻ ഇസ്രയേലിലെ വിവിധ പട്ടണങ്ങളെ ലക്ഷ്യമിട്ടു ഹിസ്ബുല്ല തുടർച്ചയായ റോക്കറ്റാക്രമണം നടത്തി. ലബനനിലെ ഹിസ്ബുല്ല ജോർദാൻ വഴി വെസ്റ്റ്ബാങ്കിലേക്ക് ആയുധങ്ങൾ കടത്തുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു.
ഹമാസിന്റെ പിടിയിൽ ഇസ്രയേലി ബന്ദി കൊല്ലപ്പെട്ടു; 2 വനിതാ ബന്ദികൾക്ക് ഗുരുതര പരുക്ക്
ഗാസ∙ ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടിയവരിൽ ഒരു ഇസ്രയേലി ബന്ദിയെ തന്റെ ഗാർഡ് കൊലപ്പെടുത്തിയതായി ഹമാസ് സായുധ സേനാ വക്താവ് അബു ഉബൈദ് വെളിപ്പെടുത്തി. മറ്റൊരു സംഭവത്തിൽ 2 വനിതാ ബന്ദികൾക്കു ഗുരുതര പരുക്കേറ്റു. ഇവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതായും സംഭവത്തെക്കുറിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഹമാസിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും അന്വേഷണം നടത്തിവരികയാണെന്നും ഇസ്രയേൽ സേനാ വക്താവ് അവിചയ് ആദ്രേ എക്സിൽ കുറിച്ചു.